ADVERTISEMENT

ചേലക്കര (തൃശൂർ) ∙ ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്റെ റോഡ് ഷോയ്ക്ക് അകമ്പടി പോയ കൊടി കെട്ടിയ കാറിൽനിന്ന് ആയുധങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തോന്നൂർക്കര പാറപ്പുറത്തെ കലാശക്കൊട്ടിനു ശേഷം ബുധനാഴ്ച വൈകിട്ടാണു സംഭവം. 

മന്ത്രിയും മുതിർന്ന നേതാക്കളും സഞ്ചരിച്ച തുറന്ന വാഹനവും ബൈക്ക് റാലിയും കടന്നു പോയതിനു തൊട്ടുപിന്നാലെയാണു ചെങ്കൊടി കെട്ടിയ കാർ എത്തുന്നത്. കാറിൽ നിന്നൊരാൾ ഇറങ്ങുന്നതും അറ്റം വളഞ്ഞ നീണ്ട 2 വെട്ടുകത്തികൾ റോഡരികിലെ കാനയിൽ ഉപേക്ഷിക്കുന്നതുമാണു ദൃശ്യത്തിൽ. വഴിയാത്രക്ക‍ാരില‍ാരോ കണ്ടതോടെ ആയുധം ഉപേക്ഷിച്ചയാൾ ഓടയിലിറങ്ങി തിരികെ എടുക്കാൻ ശ്രമിക്കുന്നതും കാർ പിന്നോട്ടെടുക്കുന്നതും ദൃശ്യത്തിൽ കാണാം. 

വടിവാളുകളാണ് ഉപേക്ഷിച്ചതെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും യുഡിഎഫും സ്ഥാനാർഥി രമ്യ ഹരിദാസും ആരോപിച്ചു. എന്നാൽ, ഫ്ലെക്സ് ബോർഡ് സ്ഥാപിക്കാൻ പ്രവർത്തകർ കൊണ്ടുപോയ ആയുധങ്ങളാണതെന്നും വഴിയിൽ ഉപേക്ഷിച്ചത് അബദ്ധമായെന്നു തോന്നിയപ്പോൾ തിരിച്ചെടുക്കുകയാണു ചെയ്തതെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 

യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി. ഗോപാലകൃഷ്ണന്റെ വീടിന്റെ പരിസരത്താണു കാർ നിന്നതെന്നു കണ്ടെത്തിയതോടെ നേതാക്കളും പ്രവർത്തകരും രാത്രി തന്നെ തിരച്ചിൽ തുടങ്ങി. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു നിർണായക തെളിവു ലഭിച്ചത്. യുഡിഎഫ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി കലക്ടർ, കമ്മിഷണർ എന്നിവർക്കും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ‍ തിരഞ്ഞെടുപ്പു കമ്മിഷനും ചേലക്കര പൊലീസിനും പരാതി നൽകി.

English Summary:

Knives in K. Radhakrishnan's escort car; Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com