‘പൂരം കലങ്ങിയ ദിവസം തില്ലങ്കേരിയും ഗോപാലകൃഷ്ണനും ദേവസ്വവുമായി ബന്ധപ്പെട്ടു, സുരേഷ് ഗോപി യോഗത്തിലെത്തി’
Mail This Article
തിരുവനന്തപുരം ∙ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനും തൃശൂർ പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നു ദേവസ്വം ജോയിന്റ് സെക്രട്ടറി പി.ശശിധരന്റെ മൊഴി. കഴിഞ്ഞ പൂരത്തിൽ മാത്രമാണു പതിവില്ലാതെ വൽസൻ തില്ലങ്കേരിയുടെ സാന്നിധ്യം ശ്രദ്ധിച്ചത്. വെടിക്കെട്ട് ഉപേക്ഷിച്ച തീരുമാനം പുനപരിശോധിക്കാൻ ചേർന്ന ദേവസ്വം കമ്മിറ്റി യോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തെന്നും വെടിക്കെട്ട് കമ്മിറ്റി കൺവീനർ കൂടിയായിരുന്ന പി.ശശിധരൻ മൊഴി നൽകി. പൂരം അട്ടിമറിയെക്കുറിച്ച് എഡിജിപി എം.ആർ.അജിത്കുമാർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ അന്വേഷണ റിപ്പോർട്ടിലാണു ശശിധരന്റെ മൊഴിയുള്ളത്.
ദേവസ്വത്തിന്റെ ടാഗ് ധരിച്ചെത്തിയയാൾ ആവശ്യപ്പെട്ടതനുസരിച്ചാണു സുരേഷ്ഗോപിയെ ആംബുലൻസിൽ തിരുവമ്പാടി ദേവസ്വത്തിന്റെ യോഗം നടന്ന സ്ഥലത്ത് എത്തിച്ചതെന്നു സേവാഭാരതിയുടെ ആംബുലൻസ് ഡ്രൈവർ പ്രകാശൻ നൽകിയ മൊഴിയും റിപ്പോർട്ടിലുണ്ട്.
രാത്രി മഠത്തിൽവരവ് എഴുന്നള്ളിപ്പിനൊപ്പമെത്തിയവരെ പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ചാണു നടുവിലാലിലും നായ്ക്കനാലിലുമുള്ള പന്തലുകളിലെ വെളിച്ചം കെടുത്തിയതെന്നും മഠത്തിൽവരവ് ഒരാനപ്പുറത്തു മാത്രമായി ചുരുക്കിയതെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോന്റെ മൊഴിയിലുണ്ട്. കലക്ടർ അഭ്യർഥിച്ച പ്രകാരം ദേവസ്വം ഓഫിസിൽ ചർച്ച നടക്കുമ്പോൾ ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാറിനെ സുരേഷ്ഗോപി ഫോണിൽ വിളിച്ചു. 10 മിനിറ്റിനകം വൽസൻ തില്ലങ്കേരിക്കും ഗോപാലകൃഷ്ണനുമൊപ്പം സുരേഷ് ഗോപി ഓഫിസിലെത്തിയെന്നു ശശിധരന്റെ മൊഴിയിലുണ്ട്.
പൂരം നടത്തിപ്പിനെ ബാധിക്കുംവിധം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനാൽ പൂരം നിർത്തിവയ്ക്കണമെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മൊഴി നൽകി. എന്നാൽ, പാറമേക്കാവിന്റെ എഴുന്നള്ളിപ്പും മേളവും തടസ്സവുമില്ലാതെ നടത്തി.
പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ദേവസ്വത്തിന്റെ മൊഴി
∙ എഴുന്നള്ളിപ്പ് പന്തലിലെത്തിയശേഷം മാത്രമേ ആളുകളെ പൂരപ്പറമ്പിൽനിന്നു മാറ്റാവൂ എന്നു മന്ത്രി കെ.രാജന്റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. അതിനുമുൻപേ പൊലീസ് തടഞ്ഞതാണ് പ്രശ്നമായത്.
∙ എഴുന്നള്ളിപ്പ് ബ്രഹ്മസ്വം മഠത്തിലേക്കു പോകുന്ന വഴിയിൽ സ്വരാജ് റൗണ്ടിൽ ആംബുലൻസും വാട്ടർ ടാങ്കും പൊലീസ് ബാരിക്കേഡും വഴി തടസ്സം സൃഷ്ടിച്ചു. ഇക്കാരണത്താൽ സമയക്രമം പാലിക്കാനായില്ല.
∙ പകൽ മഠത്തിൽ വരവ് വടക്കുന്നാഥക്ഷേത്രത്തിൽ കടന്ന സമയത്തു കമ്മിറ്റിയംഗങ്ങളെപ്പോലും പൊലീസ് തടഞ്ഞു.
∙ കുടമാറ്റത്തിനുള്ള സ്പെഷൽ കുടകൾ എത്തിക്കുമ്പോൾ പടിഞ്ഞാറേ നടയിൽ ഡിവൈഎസ്പി തടഞ്ഞു
∙ കുടമാറ്റത്തിന് ആനകൾ നിരന്നിട്ടും കുട എത്തിക്കുന്നത് കമ്മിഷണർ വീണ്ടും തടഞ്ഞു. ആനയ്ക്കുള്ള പട്ട തെക്കേ ഗോപുരനട വഴി കൊണ്ടുവന്നപ്പോൾ കമ്മിഷണർ പാപ്പാനു നേരെ ആക്രോശിച്ചു.