ഹൈബോൾ ഗെയിമിനെ അമിതമായി ആശ്രയിച്ചില്ല, ഇത് ഇവാന്റെ ശൈലിയോട് ചേർന്നു നിൽക്കുന്ന കളി; എത്ര ഉത്തമം ഈ വിജയം!
Mail This Article
ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിർണായകം എന്നു വിശേഷിപ്പിക്കേണ്ടതാണു മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനെതിരായ 3-0 വിജയം. കളത്തിലെ മാറ്റങ്ങൾക്കുള്ളതാണ് ഈ ഉജ്വല വിജയം. കളിയുടെ ശൈലിയിൽ വന്ന മാറ്റവും കളിക്കാരുടെ സമീപനത്തിൽ കണ്ട മാറ്റവും ചേർന്നു സമ്മാനിച്ച ഒരു വിജയം.
ഈ സീസണിൽ പതിവിനു വിരുദ്ധമായി ഇടതു പാർശ്വത്തെ മാത്രം ആശ്രയിക്കാതെ നീങ്ങുന്ന ബ്ലാസ്റ്റേഴ്സിനെയാണ് മുഹമ്മദൻസിനെതിരെ കണ്ടത്. ഹൈബോൾ ഗെയിമിനെ അമിതമായി ആശ്രയിക്കുന്ന ശീലവും ഒഴിഞ്ഞുനിന്നു.
മധ്യവും ഇരുപാർശ്വവും ചലിച്ചു തുടങ്ങിയിടത്താണു കേരളം ഒന്നിനു പുറകേ ഒന്നായി സ്കോറിങ് അവസരങ്ങൾ തുറന്നെടുത്തത്. ബിൽഡ് അപ് നീക്കങ്ങളും എതിർപ്രതിരോധത്തെ വെട്ടിലാക്കുന്ന പൊസിഷനൽ ഗെയിമും വീണ്ടും ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ കളി മാറി. സ്റ്റാറേയുടെ ശൈലിയിൽ നിന്നുമാറി ഇവാൻ വുക്കോമനോവിച്ചിന്റെ ശൈലിയോടു ചേർന്നുനിൽക്കുന്ന ഒന്നായിരുന്നു പോയ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ കളി. അഡ്രിയൻ ലൂണ നീക്കങ്ങളുടെ അമരക്കാരനായി മാറിയതും യുവതാരങ്ങൾ പ്രസരിപ്പോടെ, ആത്മവിശ്വാസത്തോടെ കാണപ്പെട്ടതും അതിന്റെ അടയാളങ്ങളായി കാണണം. ഈ വിജയം ബ്ലാസ്റ്റേഴ്സിന് ഇന്ധനമാവട്ടെ.
ഐഎസ്എലിൽ ആദ്യമായി മലയാളി പരിശീലകനു കീഴിൽ ഒരു ടീം കളത്തിലെത്തിയ മത്സരം കൂടിയാണിത്. എന്റെ സുഹൃത്ത് കൂടിയായ പുരുഷോത്തമന് അഭിനന്ദനങ്ങൾ. ആദ്യ വരവിൽ കേരളം ഒന്നാകെ കൊതിച്ചൊരു ഉശിരൻ വിജയം സമ്മാനിക്കാൻ പുരുഷോത്തമനു സാധിച്ചു. അതും ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ കിട്ടാക്കനിയായി മാറിയ ‘ക്ലീൻഷീറ്റ്’ നേട്ടത്തോടെ.
കളിക്കുന്ന കാലത്തു ഗോൾകീപ്പറായി ടീമിന്റെ കാവൽക്കാരനായിരുന്നു പുരുഷോത്തമൻ. ആ പരിചയം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കൂട്ട് ഊട്ടിയുറപ്പിക്കാൻ അദ്ദേഹത്തിനു തുണയായിട്ടുണ്ടാകും. അല്ലെങ്കിലും കളത്തിലിറങ്ങി പരിചയമുള്ളൊരാൾ കളിയൊരുക്കുമ്പോൾ ആ ടീമിനു പരിചയസമ്പത്തിന്റെ ഒരു പരിച കൂടിയാണു ലഭിക്കുക.