‘ആര്യേ ധൈര്യമായിട്ട് ഇറങ്ങിക്കോ’ എന്ന് ജോയ്, കൈ കൊടുത്ത് പിണറായി; ‘ജീവിതത്തിലെ പ്രധാന കാര്യം’
Mail This Article
തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിൽ വൈറലായ റെഡ് വൊളന്റിയർ മാർച്ചിന്റെ സന്തോഷത്തിലാണ് മേയർ ആര്യ രാജേന്ദ്രൻ. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് ആര്യ വീണ്ടും റെഡ് വൊളന്റിയർ കുപ്പായമണിഞ്ഞത്. മാർച്ച് കാണാനെത്തിയ പലർക്കും മേയർ യൂണിഫോം അണിഞ്ഞ് മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ കൗതുകം. സന്തോഷം അറിയിച്ച് വിളിക്കുന്ന സഖാക്കളും ഒരുപാട്. റെഡ‍് വൊളന്റിയർ മാർച്ചും തുടർ വിശേഷങ്ങളും ആര്യ രാജേന്ദ്രൻ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.
‘‘ഞാൻ നേരത്തെ റെഡ് വൊളന്റിയറാണ്. 2017ലെ സമ്മേളനത്തിലും റെഡ‍് വൊളന്റിയർ ആയിരുന്നു. ഇത്തവണ പാർട്ടി ജില്ലാ സെക്രട്ടറി വി.ജോയ് ആണ് എല്ലാ തരത്തിലും പ്രോത്സാഹനം നൽകിയത്. ഇത്തവണ ഞാൻ ഇറങ്ങട്ടേയെന്ന് ചോദിച്ചപ്പോൾ ധൈര്യമായിട്ട് ഇറങ്ങിക്കോയെന്ന് പറഞ്ഞത് സഖാവ് ജോയ് ആണ്. നേരത്തെ വൊളന്റിയർ ആയിരുന്നതിനാൽ ബാക്കി കാര്യങ്ങളൊക്കെ എനിക്ക് അറിയാമായിരുന്നു. ഒത്തൊരുമയോടെ എല്ലാ വൊളന്റിയേഴ്സിനുമൊപ്പം നിൽക്കാൻ പറ്റിയെന്ന സന്തോഷമുണ്ട്. മേയർ ആയിരിക്കുമ്പോഴും പാർട്ടിയുടെ ഭാഗമായി റെഡ‍് വൊളന്റിയറാകുന്നതിൽ ഇരട്ടി സന്തോഷമാണ്.’’ – ആര്യ രാജേന്ദ്രൻ പറഞ്ഞു.
‘‘എല്ലാവർക്കും സന്തോഷമായി. റെഡ് വൊളന്റിയർ ആയിട്ട് കാണുമ്പോഴുള്ള സന്തോഷം മുഖ്യമന്ത്രിയും അറിയിച്ചു. ഗോവിന്ദൻ മാഷും ബേബി സഖാവും എല്ലാ സംസ്ഥാന–ജില്ലാ നേതാക്കളും അഭിനന്ദിച്ചു. രണ്ടു സമ്മേളനങ്ങൾക്കു മുൻപ് ഞാൻ വൊളന്റിയറായതിന്റെ ചിത്രം എല്ലാവരുടെയും മനസ്സിലുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആ ചിത്രം വലിയ തോതിൽ പ്രചരിച്ചിരുന്നു. പഴയ ഓർമയിലേക്ക് തിരിച്ചുപോകുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. വൊളന്റിയർ ആയിരിക്കുക എന്നത് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായാണ് ഞാൻ കരുതുന്നത്. സ്റ്റേജിൽ ആ വേഷം ധരിച്ച് ഇരിക്കുമ്പോൾ എല്ലാ വൊളന്റിയർമാരെയും പ്രതിനിധീകരിച്ച് അവിടെ ഇരിക്കുന്നതു പോലെയാണ് തോന്നിയത്. ആ വേഷത്തിൽ കണ്ടപ്പോൾ ശിവൻകുട്ടി സഖാവ് ഉൾപ്പെടെ സന്തോഷത്തിലായിരുന്നു.’’ – ആര്യ സന്തോഷം പങ്കുവച്ചു.
ഇത്തവണ പ്രാക്ടീസൊന്നും ചെയ്യാൻ പറ്റിയില്ല. ജില്ലാ ക്യാപ്റ്റൻ ആദർശ് ഖാൻ പൊതുവായുള്ള കാര്യമൊക്കെ പറഞ്ഞുതന്നു. മുൻപ് ചുരിദാറായിരുന്നു പെൺകുട്ടികൾക്ക് വേഷം. ഇപ്പോൾ ജെൻഡർ ന്യൂട്രൽ കാഴ്ചപ്പാടിന്റെ ഭാഗമായാണ് വേഷം മാറിയത്. പുതിയ യൂണിമോഫിന് അനുസൃതമായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ആദർശ് ഖാൻ പറഞ്ഞുതന്നു. ചെറിയ അസുഖമൊക്കെ ആയതിനാലാണ് പ്രാക്ടീസിൽ പങ്കെടുക്കാത്തത്. പിന്നെ ജില്ലാ സമ്മേളനം തുടങ്ങിയപ്പോൾ ആ തിരക്കിലുമായിരുന്നു. മുൻപ് സ്കൂളിൽ പഠിക്കുമ്പോൾ ബാൻഡ് ടീമിൽ ഉൾപ്പെടെ താനുണ്ടായിരുന്നുവെന്നും ആര്യ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൽ റെഡ് വൊളന്റിയർ ആകേണ്ടി വരുമോയെന്ന് അറിയില്ല. സാധാരണ ആ ജില്ലയിൽ നിന്നുള്ളവരാണ് മാർച്ചിന്റെ ഭാഗമാകുന്നതെന്നും ആര്യ പറഞ്ഞു. സമ്മേളനത്തിൽ ആര്യയ്ക്കെതിരെ ഉണ്ടായ വിമർശനങ്ങളെപ്പറ്റി ചോദിച്ചപ്പോൾ അതൊക്കെ സമ്മേളനത്തിന്റെ ഉള്ളിൽ നടക്കുന്ന കാര്യങ്ങളാണെന്നായിരുന്നു മറുപടി. സമ്മേളനത്തിന് അകത്ത് നടക്കുന്ന ചർച്ചകൾ പുറത്തുപറയാൻ പാടില്ല. തനിക്കെതിരെ വിമർശനങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പറയില്ലെന്നും ആര്യ പറഞ്ഞു.
ബാലസംഘം നേതാവായിരിക്കെയാണ് 21–ാം വയസ്സിൽ രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ തിരഞ്ഞെടുക്കപ്പെട്ടത് . നഗരസഭയും മേയറുമായും ബന്ധപ്പെട്ട വിവാദങ്ങളിൽ ജില്ലാ സമ്മേളനത്തിലടക്കം വിമർശനങ്ങൾ ഏറെ ഉയർന്നെങ്കിലും ജില്ലാ കമ്മിറ്റിയിലേക്കും ആര്യ ഉയർത്തപ്പെട്ടു. ജില്ലാ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ആര്യ.