വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: 7 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ വധശ്രമക്കേസ്
Mail This Article
തിരുവനന്തപുരം∙ വെഞ്ഞാറമൂടിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്ന കേസിൽ നാടകീയ വഴിത്തിരിവായി കോടതിയുടെ ഇടപെടൽ. യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കോടതി 7 ഡിവൈഎഫ്ഐക്കാർക്കെതിരെ വധശ്രമത്തിനു കേസെടുക്കാൻ ഉത്തരവിട്ടു.
ഡിവൈഎഫ്ഐ തേമ്പാമൂട് ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷഹിൻ, പ്രവർത്തകരായ നിധിൻ ജോൺ, ഷഹീൻ, മുഹമ്മദ് റിജാസ്, അജ്മൽ, ഗോകുൽ, ഫൈസൽ എന്നിവർക്കെതിരെയാണു കേസെടുക്കാൻ ഉത്തരവ്. ഇതോടെ, ഇതുവരെ സാക്ഷികളായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ കേസിൽ പ്രതികളായി.
ഡിവൈഎഫ്ഐ പ്രവർത്തകരായ മിധിലാജ്, ഹഖ് മുഹമ്മദ് എന്നിവർ വെഞ്ഞാറമൂടിലെ തേമ്പാമൂട് കവലയിൽ 2020 സെപ്റ്റംബറിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് വഞ്ചിയൂർ ഒന്നാം ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. കൊലക്കേസിൽ 8 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
സംഭവസ്ഥലത്തെ കല്യാണമണ്ഡപത്തിലുള്ള സിസിടിവിയിലെ ദൃശ്യങ്ങൾ പുറത്തുവന്നതാണു കേസിൽ വഴിത്തിരിവായത്. കവലയിൽ നിൽക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബൈക്കിലെത്തിയ ഹഖും മിധിലാജും ഉൾപ്പെട്ട ഡിവൈഎഫ്ഐ സംഘം ആക്രമിക്കുന്നതും യൂത്ത് കോൺഗ്രസുകാർ നടത്തിയ പ്രത്യാക്രമണത്തിൽ ഇരുവരും വെട്ടേറ്റു വീഴുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സ്വയരക്ഷയ്ക്കായി തിരിച്ചടിച്ചപ്പോഴാണ് ഹഖും മിധിലാജും കൊല്ലപ്പെട്ടതെന്നു ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു.
കോടതിയുടെ നിർദേശപ്രകാരം ഇക്കാര്യം അന്വേഷിച്ച പൊലീസ് യൂത്ത് കോൺഗ്രസിന്റെ വാദം തള്ളി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, റിപ്പോർട്ട് തള്ളിയ കോടതി, യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച ഡിവൈഎഫ്ഐക്കാർക്കു മേൽ വധശ്രമക്കേസ് നിലനിൽക്കുമെന്നു നിരീക്ഷിച്ചു.