എ.വിജയരാഘവന്റെ പരാമർശം: രൂക്ഷവിമർശനവുമായി സമസ്ത വിഭാഗങ്ങൾ
Mail This Article
മലപ്പുറം∙ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയതു മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവനയോടു രൂക്ഷമായി പ്രതികരിച്ചു ഇരുവിഭാഗം സമസ്തകൾ. പുതിയ വോട്ടുബാങ്ക് സൃഷ്ടിക്കാൻ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുകയും ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാടു സ്വീകരിക്കുകയുമാണു സിപിഎം നേതാക്കൾ ചെയ്യുന്നതെന്നു സമസ്ത മുഖപത്രം ‘സുപ്രഭാതം’ മുഖപ്രസംഗത്തിൽ വിമർശിച്ചു.
-
Also Read
സിംഹവാലൻ കാടിറങ്ങുന്നു; അതിജീവനം ഭീഷണി
വിജയരാഘവന്റെ പ്രസ്താവന സ്വബോധത്തോടെ ആണോയെന്നു കാന്തപുരം വിഭാഗം യുവജന നേതാവ് റഹ്മത്തുല്ല സഖാഫി എളമരം സമൂഹമാധ്യമത്തിൽ കുറിച്ചു. വിസ്ഡം, ഐഎസ്എം ഉൾപ്പെടെയുള്ള മുജാഹിദ് സംഘടനകൾ നേരത്തേ വിജയരാഘവന്റെ പ്രസ്താവനയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.
മുസ്‌ലിം വിരുദ്ധതയുടെയും വെറുപ്പിന്റെയും ബഹിർസ്ഫുരണമാണു വിജയരാഘവനിലൂടെ പുറത്തുവന്നതെന്നു മുഖപ്രസംഗത്തിൽ സമസ്ത മുഖപത്രം പറഞ്ഞു. വർഗസമരമൊക്കെയും വലിച്ചെറിഞ്ഞ് അധികാര രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പാർട്ടി, വോട്ടിനു വേണ്ടി ജാതി, മത, വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു.
വർഗീയ ശക്തികൾ പ്രബലരായി മാറുന്നതിനെക്കുറിച്ചുള്ള ആശങ്ക പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കുവച്ചു. സംഘപരിവാറിനു നുഴഞ്ഞുകയറാനുള്ള പണികൾ ചെയ്യരുതെന്നു ബേബി സഹപ്രവർത്തകരായ സിപിഎം നേതൃത്വത്തിലുള്ളവരോടാണ് ആദ്യം പറയേണ്ടത്. സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നവരും അവർക്ക് ആയുധം നൽകുന്നവരുമായ സിപിഎമ്മിലെ ചില നേതാക്കളിൽനിന്നാണു തിരുത്തൽ ആരംഭിക്കേണ്ടതെന്നും മുഖപ്രസംഗം പറയുന്നു.
മുസ്‌ലിം സമുദായം മൊത്തം വർഗീയവാദികളാണ് എന്നല്ലേ വിജയരാഘവൻ പറഞ്ഞതിനർഥമെന്നു സമസ്ത കാന്തപുരം വിഭാഗം യുവനേതാവ് റഹ്മത്തുല്ല സഖാഫി എളമരം സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇത് ആരെ സന്തോഷിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.