ADVERTISEMENT

തൃശൂർ ∙ മനുഷ്യർ നൽകുന്ന പാനീയങ്ങൾ കുടിക്കും, ‘ജങ്ക് ഫ‍ൂഡ്’ കഴിക്കും, പേടി കൂടാതെ ഫോട്ടോയ്ക്ക‍ു പോസ് ചെയ്യും. ഉൾക്കാടുകളിൽ ശാന്ത ജീവിതം നയിച്ചിരുന്ന സിംഹവാലൻ കുരങ്ങുകൾ കാടിറങ്ങി ജനവാസ മേഖലകളിലും റോഡ് വക്കുകളിലും മനുഷ്യർക്കൊപ്പം സഹവസിക്കുന്നതു ഗവേഷകരെ അമ്പരപ്പിക്കുന്നു. തൃശൂർ – തമിഴ്നാട് അതിർത്തിയിലെ വാൽപാറയിൽ 5 കൂട്ടങ്ങളിലായി 181 സിംഹവാലൻ കുരങ്ങുകൾ വീടുകളെയും കടകളെയും വാഹനങ്ങളെയും ആശ്രയിച്ചു ജീവിക്കുന്നതായി കേരള വനഗവേഷണ കേന്ദ്രത്തിലെയും മൈസൂർ സർവകലാശാലയിലെയും ഗവേഷകരുടെ സംഘം പ്രൈമേറ്റ് കൺസർവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു. 

പരിസ്ഥിതി സംഘടനയായ ഐയുസിഎന്നിന്റെ ചുവപ്പു പട്ടികയിലുൾപ്പെട്ട വംശനാശഭീഷണി നേരിടുന്ന ജീവിയാണു സിംഹവാലൻ കുരങ്ങ്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട മലനിരകളിലെ ഉൾക്കാടുകളിൽ മാത്രം കണ്ടിരുന്ന ഇവ തോട്ടങ്ങളിലേക്കു വരെ ചേക്കേറിയെന്നു പഠനത്തിൽ കണ്ടെത്തി. ഇവയ്ക്കു ഭക്ഷണം കൊടുക്കുകയും അടുത്തു നിന്നു ഫോട്ടോയെടുക്കുകയും ചെയ്യുന്നതു വ്യാപകമായതോടെ ഇവ മനുഷ്യരോട് ഇണങ്ങുന്ന അവസ്ഥയായി. പഴങ്ങളും വിത്തുകളും ഇലകളും കഴിച്ചു ജീവിച്ചിരുന്ന ഇവയുടെ ഭക്ഷണ, ജീവിതക്രമം പാടേ മാറിയതു പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണു നിഗമനം. ഭക്ഷണം തേടിക്കഴിക്കുന്ന രീതി ഇല്ലാതാകുന്നു. 

വനഗവേഷണ കേന്ദ്രം വൈൽഡ് ലൈഫ് ബയോളജി ഗവേഷകരായ ടി.എ.ഷഹീർ, ഡോ.ബാലകൃഷ്ണൻ പേരോത്ത്, മൈസൂർ സർവകലാശാലയിലെ പ്രൈമറ്റോളജിസ്റ്റ് ഡോ. മേവാ സിങ് എന്നിവരടങ്ങിയ സംഘമാണു പഠനം നടത്തിയത്. 

∙ ലഭ്യമായ വിവരങ്ങളനുസരിച്ച് 7 മേഖലകളിലായി 4200 സിംഹവാലൻ കുരങ്ങുകളാണുള്ളത്. വാൽപാറ, നെല്ലിയാമ്പതി, ഷോളയാർ, നാടുകാണി, ഗവി, തേക്കടി–ശബരിമല വനമേഖല, നിലമ്പൂർ എന്നിവിടങ്ങളിൽ കാണാം. 

English Summary:

Lion-tailed macaque: Endangered lion-tailed macaques are venturing into human settlements in Valparai, altering their diet and behaviour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com