സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇടവേളയില്ലാ ക്രിസ്മസ് ശുശ്രൂഷ; 14 ഭാഷകളിലായി 23 ക്രിസ്മസ് കുർബാനകൾ
Mail This Article
അബുദാബി ∙ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇടതടവില്ലാതെ, വിവിധ ഭാഷകളിൽ ക്രിസ്മസ് ശുശ്രൂഷകൾ. 14 ഭാഷകളിലായി 23 ക്രിസ്മസ് കുർബാനകളാണ് ഇവിടെ നടക്കുന്നത്. വിവിധ രാജ്യക്കാരുടെയും ഭാഷക്കാരുടേതുമായി ക്രിസ്മസ് ദിനത്തിൽ രാവിലെ 4ന് ആരംഭിക്കുന്ന ശുശ്രൂഷ രാത്രി 8.30 വരെ തുടരും.
ഇന്നു വൈകിട്ട് 4.30 മുതൽ അർധരാത്രി വരെ ക്രിസ്മസ് കാരളും ഉണ്ടായിരിക്കും. നാളെ പുലർച്ചെ നാലിന് സിറോ മലബാർ സഭയുടെ മലയാളം കുർബാനയോടെയാണ് തുടക്കം.
പിന്നീട് ഇംഗ്ലിഷ്, മലയാളം (ലാറ്റിൻ), ഉറുദു, തമിഴ്, കൊങ്കണി, സിംഹള, അറബിക്, യുക്രേനിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, കൊറിയൻ, തഗാലോഗ്, പോളിഷ് എന്നീ ഭാഷകളിലാണ് ആരാധനകൾ. നാളെ പുലർച്ചെ ആരംഭിച്ച് രാത്രി വരെ തുടരുന്ന ശുശ്രൂഷകളിൽ അര ലക്ഷത്തിലേറെ വിശ്വാസികൾ ഈ ഒരു പള്ളിയിൽ മാത്രം ആരാധനകളിൽ പങ്കെടുക്കും.
മുസഫയിലെ സെന്റ് പോൾസ് ദേവാലയത്തിലും മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ആരാധനകളുണ്ടാകും. വിവിധ ഭാഷകളിലെ കുർബാനകൾക്ക് വ്യത്യസ്ത സമയം അനുവദിച്ചിരിക്കുന്നതിനാൽ സ്വന്തം ഭാഷയിലെ കുർബാനയ്ക്ക് എത്തിപ്പെടാത്തവർക്ക് ഇഷ്ട സഭയിലെ ഏതെങ്കിലുമൊരു ഭാഷയിലെ ശുശ്രൂഷയിൽ പങ്കെടുക്കാനാകും.
ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ ചർച്ചുകളിലും വിവിധ ഭാഷകളിൽ ആരാധനകളുണ്ട്.