‘ബിജെപിയിൽ ചേരാൻ ഇ.പി.ജയരാജൻ ശ്രമിച്ചു’: ആരോപണമുന്നയിച്ച് കെ.സുധാകരൻ, ശോഭ സുരേന്ദ്രൻ; തള്ളി ജയരാജൻ
Mail This Article
തിരുവനന്തപുരം/ ആലപ്പുഴ/ കണ്ണൂർ ∙ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻ ബിജെപിയിൽ ചേരുന്നതിനു ചർച്ച നടത്തിയെന്നു വെളിപ്പെടുത്തൽ. കേരളം ബൂത്തിലേക്കു നീങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ ഈ ‘ബോംബ്’ പൊട്ടിച്ചത്. ശോഭയുടെ ആരോപണം കള്ളമാണെന്നു ജയരാജൻ പറഞ്ഞു.
ബിജെപിയിൽ ചേരാൻ ഒരു പ്രമുഖ സിപിഎം നേതാവ് ചർച്ച നടത്തിയെന്നു ചൊവ്വാഴ്ച ശോഭ വെളിപ്പെടുത്തിയതോടെയാണ് വിവാദം കത്തിത്തുടങ്ങിയത്. ആ നേതാവ് ഇ.പി ജയരാജനാണെന്ന് ഇന്നലെ രാവിലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിക്കുകയും ശോഭ അതു സ്ഥിരീകരിക്കുകയും ചെയ്തു. തന്റെ പക്കൽ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി ചില വാട്സാപ് സന്ദേശങ്ങളും ശോഭ ഹാജരാക്കി.
∙ കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞത്: ബിജെപിയിലേക്കു പോകാൻ ഇ.പി.ജയരാജൻ ഗൾഫിൽ വച്ചാണു ചർച്ച നടത്തിയത്. ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ മുഖേനയായിരുന്നു ചർച്ച. ഒരുപരിധി കടന്നപ്പോൾ സിപിഎം ജയരാജനെ ഭീഷണിപ്പെടുത്തി. അതെത്തുടർന്ന് തൽക്കാലം അദ്ദേഹം പിന്മാറി. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ എന്താകുമെന്നറിയില്ല. ജയരാജൻ 6 മാസമായി ബിജെപിക്കെതിരെ ഒരു പ്രസ്താവന പോലുമിറക്കിയിട്ടില്ല.
∙ ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ: ഇ.പി. ജയരാജൻ ബിജെപിയിൽ ചേരാൻ 90% ചർച്ച പൂർത്തിയായിരുന്നു. ഡൽഹിയിൽ വച്ചാണു ചർച്ച നടത്തിയത്. ജയരാജന്റെ മകന്റെ ഫോൺ നമ്പറിൽനിന്നാണ് എന്നെ ആദ്യം വിളിച്ചത്. തന്റെ നമ്പർ നോട്ട് ചെയ്തോളൂ എന്നു മകൻ വാട്സാപ് സന്ദേശം അയയ്ക്കുകയും ചെയ്തു. സ്വന്തം പ്രസ്ഥാനത്തിനകത്തു പ്രവർത്തിക്കുന്നവർക്കെതിരെ പോലും ക്വട്ടേഷൻ നൽകാൻ മടിക്കാത്ത മുഖ്യമന്ത്രിയെയും പാർട്ടിയെയും ഭയന്നാണു ജയരാജൻ പിന്മാറിയത്. ജയരാജൻ ജീവനോടെ ഉണ്ടാകണമെന്ന് എനിക്ക് ആഗ്രഹമുള്ളതു കൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇത്രനാൾ വെളിപ്പെടുത്താത്തത്.
∙ ഇ.പി. ജയരാജൻ കണ്ണൂരിൽ: കെ.സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. എനിക്കു ബിജെപിയിലേക്കും ആർഎസ്എസിലേക്കും പോകേണ്ട ആവശ്യമില്ല. എന്നെ കൊല്ലാൻ പലതവണ ബോംബെറിഞ്ഞവരാണ് ബിജെപിക്കാർ. ഞാൻ ദുബായിൽ പോയിട്ടു വർഷങ്ങളായി. മന്ത്രിയായിരുന്നപ്പോൾ പോയതാണ്. എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽ വച്ചാണ് മകൻ ജിതിന്ത് രാജിനെ ശോഭ സുരേന്ദ്രൻ കണ്ടത്. അവർ മകന്റെ നമ്പർ ചോദിച്ചു വാങ്ങി. ഇടയ്ക്കിടെ നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം വാട്സാപ്പിൽ അയയ്ക്കുമായിരുന്നു. മകൻ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല. അവർ 2 തവണ വിളിച്ചെങ്കിലും മകൻ ഫോണെടുത്തില്ല.
∙ ജിതിന്ത് രാജ്: ശോഭ സുരേന്ദ്രനെ ഞാൻ വിളിച്ചിട്ടുണ്ടോയെന്ന് മാധ്യമങ്ങൾ അവരുടെ ഫോൺ വാങ്ങി പരിശോധിക്കണം.