ആഘോഷത്തിന് അവധിയില്ല; യുഎഇയിൽ കാരൾ സംഘങ്ങളുടെ നാടുചുറ്റൽ സജീവം
Mail This Article
അബുദാബി ∙ യുഎഇയിൽ കാരൾ സംഘങ്ങളുടെ നാടുചുറ്റൽ സജീവമായി. ക്രിസ്മസ് പ്രവൃത്തിദിനത്തിലായതിനാൽ വാരാന്ത്യം മുതൽക്കേ ആഘോഷത്തിലാണ് പ്രവാസികൾ. ക്രിസ്മസ് ദിനവും പിന്നിട്ട് പുതുവർഷം വരെ നീളും ഈ ആരവങ്ങൾ. ഉറ്റവരുടെയും വിവിധ രാജ്യക്കാരായ സുഹൃത്തുക്കളുടെയും സാന്നിധ്യം ആഘോഷങ്ങളുടെ മാറ്റു കൂട്ടും.
ഡിസംബർ ആദ്യവാരത്തിൽ തന്നെ യുഎഇയിലെ വീടുകളും സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളുമെല്ലാം ക്രിസ്മസ് വർണങ്ങളണിഞ്ഞിരുന്നു. ലുലു ഗ്രൂപ്പ് ഉൾപ്പെടെ വിവിധ ഹൈപ്പർമാർക്കറ്റുകൾ പ്രത്യേക ക്രിസ്മസ് കോർണർ ഒരുക്കിയാണ് ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ഒരിടത്ത് ക്രമീകരിച്ചത് ഉപഭോക്താക്കൾക്കും സൗകര്യപ്രദമായി.
മിക്കയിടങ്ങളിലും ക്രിസ്മസ് ആവേശം പകർന്ന് സാന്താക്ലോസും കൂടെയെത്തും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് കേക്കുണ്ടാക്കി പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്നു.