അമ്മ അഭിനയം, മകൾ സംവിധാനം; സിനിമയിലേക്ക് ചുവടു വച്ച് പൊന്നമ്മ ബാബുവിന്റെ മകൾ ദീപ്തി
Mail This Article
‘‘ഭർത്താവ് ഒരു ക്രിമിനൽ ആണെന്ന് അറിയുന്ന നിമിഷം. പൊലീസ് കേസന്വേഷണം ആരംഭിച്ചതോടെ അയാൾ ആരോടും പറയാതെ പൊടുന്നനേ അപ്രത്യക്ഷനാകുന്നു. അതുവരെയുണ്ടായിരുന്ന ജീവിതമല്ലായിരുന്നു റോസ് എന്ന നഴ്സിന്റേത്. മക്കളുമായി ജീവിതത്തിന്റെ ഇരുട്ടുനിറഞ്ഞ ചുഴിയിലേക്ക് അവർ എടുത്തെറിയപ്പെട്ടു.’’–ക്രിമിനലുകളുടെ അല്ലെങ്കിൽ ക്രിമിനലുകൾ എന്ന് ആരോപിക്കപ്പെടുന്നവരുടെ കുടുംബത്തിന്റെ വൈകാരിക നിമിഷങ്ങളുടെ കഥ പറയുന്ന ‘വേൾപൂൾ’ എന്ന ഓസ്ട്രേലിയൻ-ഇന്ത്യൻ ഹ്രസ്വചിത്രം കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായി. ചലച്ചിത്രനടി പൊന്നമ്മ ബാബുവിന്റെ മകൾ ദീപ്തി നിർമല ജെയിംസിന്റെ ആദ്യ ചിത്രമാണ് അനുരാഗ് കശ്യപ് ഉൾപ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയ വേൾപൂൾ. ഈ ഹ്രസ്വചിത്രം മുഴുനീള ചിത്രമാക്കാനുള്ള തയാറെടുപ്പിലാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന ദീപ്തി.
ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നിന്ന് ബിഎസ്‌സി ഫിസിക്സ് പാസായ ദീപ്തി പിന്നീട് നഴ്സിങ്ങിലേക്ക് തിരിയുകയായിരുന്നു. ആദ്യം അയർലൻഡിലാണ് ജോലി ചെയ്തത്. പിന്നീട് ഓസ്ട്രേലിയയിൽ എത്തി. നഴ്സിങ്ങിൽ നിന്ന് പിന്നീട് ഹെൽത്ത് കെയർ മാനേജ്മെന്റിലേക്ക് മാറി. പ്രമുഖ ഹെൽത്ത് കെയർ കമ്പനിയുടെ റീജണൽ ഓപ്പറേഷനൽ മാനേജറായിരിക്കുമ്പോഴാണ് സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. എഴുതിയ സ്ക്രിപ്റ്റ് ഇംഗ്ലിഷിലായിരുന്നു. ഇതിനിടെ സിനിമ പ്രഫഷണലായി പഠിക്കുന്നതിനായി ഓസ്ട്രേലിയയിൽ സിനിമാ കോഴ്സ് ചെയ്തു.
‘‘മലയാളത്തിനു പകരം ഇംഗ്ലിഷിൽ ഹ്രസ്വചിത്രം എടുക്കാൻ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. കേരളത്തിലെ സിനിമ വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ്. ഓസ്ട്രേലിയയിൽ അതു പൂർണമായും പ്രഫഷനലാണ്. തിരക്കഥ കാസ്റ്റിങ് ഡയറക്ടർക്ക് നൽകുന്നു. കഥാപാത്രങ്ങൾക്കനുസരിച്ച് അവർ തിരഞ്ഞെടുത്തവർ ഒാഡിഷന് എത്തുന്നു. നാലുദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിഞ്ഞു,’’ ദീപ്തി പറഞ്ഞു.
ഒരു കുറ്റകൃത്യം നടന്നാൽ ഇരയുടെയോ കുറ്റാരോപിതന്റെയോ ജീവിതത്തിലേക്കാണ് സാധാരണ ക്യാമറ തിരിയുന്നത്. അവരുടെ കുടുംബം നേരിടുന്ന ജീവിതപ്രതിസന്ധികൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറില്ല. ഇവിടെ കുറ്റാരോപിതനായ ഭർത്താവ് ചിത്രത്തിലില്ല. കുറ്റാരോപിതന്റെ ഭാര്യയായ റോസ് നേരിടുന്ന ജീവിതച്ചുഴികളാണ് ഹൃസ്വചിത്രത്തിലുള്ളത്.
ഹോളിവുഡ് സ്റ്റൈലിലുള്ള സിനിമയാണ് വേൾപൂൾ എന്നത് പ്രമുഖ സംവിധായകരും ചലച്ചിത്രപ്രവർത്തകരും സാക്ഷ്യപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് ദീപ്തി. അഭിനേതാക്കൾ മാത്രമല്ല ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീമും ഓസ്ട്രേലിയക്കാരായിരുന്നു. പോസ്റ്റ് പ്രൊഡക്ഷനും കളറിങ്ങും തുടങ്ങിയവ കേരളത്തിലാണ് ചെയ്തത്. പ്രൊഡക്ഷൻ ഡിസൈനിൽ 12 വയസുകാരിയായ മകൾ അമാൻഡയും പങ്കാളിയായതായി ദീപ്തി പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട സീനുകളിൽ അമാൻഡയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു.
ഇറ്റലിയിലെ ‘നോട്ടോ രാജ്യാന്തര ചലച്ചിത്രമേള’യിൽ മികച്ച സംവിധായകരുടെ പട്ടികയിൽ ഫൈനലിസ്റ്റ് ആയിരുന്നു ദീപ്തി. അമ്മ പൊന്നമ്മ ബാബുവിനൊപ്പം അച്ഛനും നാടകരചയിതാവുമായ ബാവക്കാട് ബാബുവിന്റെ സ്വാധീനവും സിനിമയിൽ പുതിയ പരീക്ഷണങ്ങൾക്ക് ശ്രമം നടത്തുന്ന തനിക്കുണ്ടെന്ന് ദീപ്തി പറയുന്നു. മെൽബണിൽ ബിസിനസുകാരനായ ഭർത്താവ് ജെയിംസ് ജേക്കബുമായി ചേർന്നാണ് സിനിമ നിർമിച്ചത്.