ADVERTISEMENT

ക്രിസ്‌മസ് മാര്‍ക്കറ്റ് ആക്രമണത്തിന് ശേഷം ജര്‍മനിയില്‍ കുടിയേറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഇതോടൊപ്പം കുടിയേറ്റക്കാരെ നാടുകടത്തണമെന്ന ആവശ്യം ഉന്നയിച്ച് വലതുപക്ഷ വിഭാഗം രംഗത്തുണ്ട്. അതിനിടെ ജര്‍മനിയില്‍ കുടിയേറ്റക്കാര്‍ നടത്തിയ പ്രതിഷേധത്തില്‍ വാഹനങ്ങള്‍ നശിപ്പിക്കുന്ന ദൃശ്യം എന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോഡുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന ദൃശ്യമാണിത്. അഭയം ചോദിച്ചെത്തിയവര്‍ നാട്ടുകാരെ പുറത്താക്കുന്നുവെന്നും മതേതരത്വം പറയുന്ന ജര്‍മനിക്കാര്‍ അനുഭവിച്ചോ എന്നുമുള്ള ദീര്‍ഘമായ കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. എന്നാല്‍, പ്രചരിക്കുന്ന വിഡിയോ കുടിയേറ്റക്കാര്‍ നടത്തിയ പ്രതിഷേധമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2017 ജൂലൈയില്‍ ജര്‍മനിയിൽ ജി20 ഉച്ചകോടി നടന്നപ്പോള്‍ ആഗോള വിഷയങ്ങള്‍ ഉന്നയിച്ച് ആളുകള്‍ നടത്തിയ പ്രതിഷേധമാണിത്.വാസ്തവമറിയാം

∙ അന്വേഷണം 

"ജര്‍മന്‍ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജിമ ചെയ്ത ഒരു കുട്ടി കഥ 'പശുവും പന്നിയും' ഒരു കുട്ടികഥയാണെങ്കിലും ഇന്ന് ജര്‍മനിയില്‍ നടക്കുന്ന ഒരു യാഥാര്‍ഥ്യം..." എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം. 

വൈറല്‍ പോസ്റ്റിന്റെ കമെന്റ് സെക്ഷനില്‍ ചിലര്‍ ഇത് മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയ നാടുകളുടെയെല്ലാം അവസ്ഥയാണെന്ന രീതിയില്‍ കമന്റ് ചെയ്‌തിട്ടുണ്ട്. വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലഭ്യമായി. 2017ല്‍ നിന്നുള്ള ഇത്തരം പോസ്റ്റുകളില്‍ G20HH2017, HamburgG20 തുടങ്ങിയ ഹാഷ് ടാഗുകള്‍ നല്‍കിയിട്ടുണ്ട്. 2017 ജൂലൈ 7ന് ഒരു എക്‌സ് യൂസര്‍ പങ്കുവച്ച പോസ്റ്റ് കാണാം.

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നുള്ള സൂചന ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 2017 ജൂലൈ ഏഴ്, എട്ട് തിയതികളില്‍ ജര്‍മനിയിലെ ഹംബര്‍ഗില്‍ നടന്ന ജി20 സമ്മിറ്റിന്റെ ഭാഗമായി അവിടെ പ്രതിഷേധം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. തുര്‍ക്കിഷ് മാധ്യമായ ഡെയ്‌ലി സഭയുടെ (Daily Sabaha) ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ 2017 ജൂലൈ ഏഴിന് സമാനമായ വിഡിയോ പങ്കുവച്ചിരുന്നു ഇത് ചുവടെ കാണാം.

യാഹു കാനഡയും ജി20 സമ്മിറ്റില്‍ നിന്നുള്ള സമാനമായ ദൃശ്യം നല്‍കിയിട്ടുണ്ട്. വാഷിംഗ്‌ടണ്‍ പോസ്റ്റ് 2017 ജൂലൈ എട്ടിന് പങ്കുവച്ച വാര്‍ത്തയില്‍ വൈറല്‍ വിഡിയോയുടെ മറ്റൊരു ആംഗിളില്‍ നിന്നുള്ള ദൃശ്യമുണ്ട്. 

2017 ജി20 ഉച്ചകോടിയ്ക്കിടെ നടന്ന പ്രതിഷേധങ്ങളുടെ വിശദമായ റിപ്പോര്‍ട്ടുകളും ഞങ്ങള്‍ പരിശോധിച്ചു. 2017 ജൂലൈ ഏഴിന് അല്‍ ജസീറ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജി20 ഉച്ചകോടിയ്ക്കിടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആയിരങ്ങളാണ് ജര്‍മനിയുടെ തെരുവുകളില്‍ പ്രതിഷേധിച്ചത്. മുതലാളിത്തത്തിനും കാലാവസ്ഥ നയങ്ങള്‍ക്കും ആഗോളവല്‍ക്കരണത്തിനും എതിരെയാണ് ഹാംബര്‍ഗില്‍ പ്രതിഷേധിച്ചത്. ഉച്ചകോടി ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പ്രതിഷേധക്കാരും പൊലീസും വിവിധയിടങ്ങളില്‍ ഏറ്റുമുട്ടിയതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'വെല്‍ക്കം ടു ഹെല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ പ്രതിഷേധത്തിന്റെ വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ദി ഗാര്‍ഡിയനും റിപ്പോര്‍ട്ട്  പ്രസിദ്ധീകരിച്ചിരുന്നു.

ജര്‍മനയില്‍ മാത്രമല്ല 2009 ലണ്ടന്‍ ഉച്ചകോടി, 2010 ലെ ടൊറന്റോ ഉച്ചകോടി തുടങ്ങി ജി20 മീറ്റ് നടക്കുന്ന വേദികളെല്ലാം പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പ്രധാനമായും 'മുതലാളിത്ത' അജണ്ടകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പൊതുജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുമെന്ന് ആരോപിച്ചാണ് G20 ഉച്ചകോടി വേദികളില്‍ ഒരുവിഭാഗക്കാര്‍ പ്രതിഷേധിക്കുന്നത്. പരിസ്ഥിതി നയങ്ങള്‍, വ്യാപാര ഇടപാടുകള്‍, തൊഴില്‍ നിയമങ്ങള്‍ എന്നിവയാണ് പ്രതിഷേധങ്ങളുടെ വിഷയങ്ങള്‍.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ അടുത്തിടെ ജര്‍മനിയില്‍ കുടിയേറ്റക്കാര്‍ നടത്തിയ പ്രതിഷേധമല്ലെന്നും 2017ല്‍ ജി20 സമ്മിറ്റിനോടനുബന്ധിച്ച് ആഗോള വിഷയങ്ങള്‍ ഉയര്‍ത്തി ഒരു വിഭാഗമാളുകള്‍ നടത്തിയ പ്രതിഷേധമാണെന്നും വ്യക്തമായി.

∙ വാസ്‌തവം

വൈറല്‍ വിഡിയോയിൽ ജര്‍മനിയില്‍ അടുത്തിടെ കുടിയേറ്റക്കാര്‍ നടത്തിയ പ്രതിഷേധമല്ല. 2017ല്‍ ഹംബര്‍ഗ് ജി20 സമ്മിറ്റിനോടനുബന്ധിച്ച് ആഗോള വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രതിഷേധമാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്‍ഡ്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The viral video is not the recent protest by immigrants in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT