നിവൃത്തി കെട്ടാണ് പ്രതികരിച്ചതെന്ന് ഹണി റോസ്; വീണ്ടും ജാമ്യാപേക്ഷയുമായി ബോബി
Mail This Article
കൊച്ചി ∙ നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് ബോബിയുടെ അഭിഭാഷകൻ അറിയിച്ചത്. ഹൈക്കോടതിയിൽ ഹർജി നൽകുന്നതും പരിഗണനയിലുണ്ട്.
ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതിനു പിന്നാലെ വീണ്ടും പ്രതികരണവുമായി നടി ഹണി റോസ് രംഗത്തെത്തി. ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ലാദത്തിലല്ല താനെന്നും നിർത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘‘ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ലാദത്തിലല്ല ഞാന്‍. നിര്‍ത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്, സത്യത്തിനും’’ – ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.