ഏത് വസ്ത്രത്തിലും അഴകിന്റെ റാണി; ആവർത്തന വിരസതയില്ലാതെ ഹണി റോസിന്റെ ഫാഷൻ
Mail This Article
ഒരു പുഴയിൽ ഒരു തവണയേ ഇറങ്ങാൻ പറ്റൂ എന്നു പറയുന്നതുപോലെയാണ് ഹണി റോസിന്റെ സ്റ്റൈലും. ആവർത്തന വിരസത എന്നൊരു വാക്ക് തന്റെ ഫാഷൻ ഡിക്‌ഷനറിയിലില്ല എന്ന് പറയാതെ പറഞ്ഞു കൊണ്ടാണ് ഹണി ഇവന്റുകളിലും ഉദ്ഘാടനവേദികളും അഭിമുഖങ്ങളിലും നിറഞ്ഞ ചിരിയോടെ, പ്രസരിപ്പോടെ ഓടിയെത്തുന്നത്. ഔട്ട്ഫിറ്റും ഹെയർസ്റ്റൈലും മേക്കപ്പും ആവർത്തിക്കപ്പെടരുതെന്ന വാശിയോടെ ഓരോ വേദിയിലും പുതുമ നിറയ്ക്കാൻ ഹണി ശ്രദ്ധിക്കാറുണ്ട്.
മൂലമറ്റം എന്ന കൊച്ചുഗ്രാമത്തിൽനിന്ന് വെള്ളിത്തിരയിലേക്കെത്തിയ ഹണി റോസ് പെട്ടന്നൊരു ദിവസം കൊണ്ട് കെട്ടിപ്പടുത്തതല്ല തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്. നാട്ടിൻപുറത്തുകാരി കൗമാരക്കാരിയിൽനിന്ന് ഫാഷൻസെൻസുള്ള അഭിനേത്രിയിലേക്കുള്ള ഹണിയുടെ വളർച്ച ക്രമാനുഗതമായിരുന്നു. സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളണിയാൻ ഏറെയിഷ്ടമാണെന്നും കരിയറിന്റെ തുടക്കത്തിൽ അത്തരം പരീക്ഷണങ്ങളേറെ നടത്തിയിട്ടുണ്ടെന്നും ഹണി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
2005ൽ വിനയൻ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിൽ അരങ്ങേറ്റം കുറിച്ച ഹണി മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം ബോൾഡായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് കരിയർഗ്രാഫ് ഉയർത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
സാരിയിലും ഗൗണിലും ഓഫ്ഷോൾഡർ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഹണി റോസ്. ചുരുളൻ മുടി കളർ ചെയ്തും സ്ട്രെയ്റ്റ് ചെയ്തും ഓരോ വേദിയിലും അപ്പിയറൻസ് ഒന്നിനൊന്ന് വ്യത്യസ്തമാക്കാൻ ഹണി ശ്രദ്ധിക്കുന്നു. സ്റ്റൈലിസ്റ്റുകളും ഹെയർസ്റ്റൈലിസ്റ്റുകളുമുണ്ടെങ്കിലും മേക്കപ്പ് സ്വയം ചെയ്യാനാണ് ഹണിക്കിഷ്ടം. ആദ്യസിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദാണ് മേക്കപ് തനിയെ ചെയ്യാൻ പഠിച്ചാലുള്ള ഗുണങ്ങളെപ്പറ്റി പറഞ്ഞു കൊടുത്തതെന്നും അതിനുശേഷമാണ് തനിയെ മേക്കപ്പ് ചെയ്തു തുടങ്ങിയതെന്നും ഹണി വ്യക്തമാക്കിയിട്ടുണ്ട്.
സാരിയാണ് താരത്തിനിണങ്ങുന്നതെന്നാണ് ആരാധകരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെങ്കിലും ഗൗൺ ധരിച്ചും താരം ചടങ്ങുകളിൽ എത്താറുണ്ട്. അതിനൊപ്പം അണിയുന്ന ആഭരണങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ ഹണി ശ്രദ്ധിക്കാറുണ്ട്. സാരിക്കൊപ്പം ഡീപ് സ്ക്വയർ, റൗണ്ട്, ക്വാർട്ടർ സ്ലീവ് നെക്ക്, യുനെക് ബ്ലൗസുകളുടെ കഴുത്തിൽ ഫാഷൻകട്ടുകളുടെ ഒരു ഘോഷയാത്ര തന്നെ ഹണി നടത്തിയിട്ടുണ്ട്. ഗൗണുകളുടെ കാര്യമെടുത്താലും അങ്ങനെ തന്നെ, യോക്കിലും സ്ലീവിലും എന്തെങ്കിലുമൊരു വ്യത്യസ്ത കൊണ്ടുവരാൻ ഹണി ശ്രദ്ധിക്കുന്നു.
ചിലപ്പോൾ തൂവെള്ള ദാവണിയിൽ നാടൻ സുന്ദരിയായി, മറ്റു ചിലപ്പോൾ വൈബ്രന്റ് നിറങ്ങളണിഞ്ഞ് പാർട്ടി ലുക്കിൽ, അതുമല്ലെങ്കിൽ ഫ്ലോറൽ സാരികളിൽ അഴകിന്റെ റാണിയായി... അങ്ങനെ സാരികളിലും വലിയൊരു വൈവിധ്യം ഹണി പരീക്ഷിച്ചിട്ടുണ്ട്. മിക്ക നിറങ്ങളിലുള്ള വസ്ത്രങ്ങളും ഇതിനകം തന്നെ പരീക്ഷിച്ചു കഴിഞ്ഞ താരം വ്യത്യസ്തതയ്ക്കു വേണ്ടി ഹെയർ കളറിങ്ങിലടക്കം പുതിയ പരീക്ഷണങ്ങൾ നടത്താൻ മടിക്കാറില്ല. ചില മേക്കോവറുകൾ ഹണിക്ക് ട്രോളുകൾ വാങ്ങിക്കൊടുത്തപ്പോൾ മറ്റു ചില അപ്പിയറൻസുകൾ അഭിനന്ദന പ്രവാഹം നേടിക്കൊടുത്തു. ഏതു വേഷത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെ എത്തുന്ന ഹണി ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, കുഞ്ഞുകാര്യങ്ങളിൽ സന്തോഷം കണ്ടെത്തി ജീവിക്കാനാണിഷ്ടമെന്ന് പറഞ്ഞിട്ടുണ്ട്.