ADVERTISEMENT

രാവിലെ പുട്ടും കടലയും, അപ്പവും മുട്ടക്കറിയുമൊക്കെ കഴിച്ചിരുന്ന മലയാളികളുടെ മെനുവിലേക്ക് അടുത്തിടെ കയറിക്കൂടിയ ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ഓട്സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. പാലിൽ കുറുക്കിയും, ഉപ്പുമാവ് ഉണ്ടാക്കിയും, സാലഡിൽ ചേർത്തും, സ്മൂത്തിയാക്കിയുമെല്ലാം പല രീതിയിലാണ് കഴിക്കാറ്. എന്നാൽ പലപ്പോഴും ശരീരഭാരം കുറയുമെന്ന പ്രതീക്ഷയിൽ കഴിക്കുമെങ്കിലും ഓട്സ് പണി തരാറുമുണ്ട്. ശരീരഭാരം വല്ലാതെ കൂടും. ഡയബറ്റിസ് നിയന്ത്രിക്കാൻ കഴിച്ച ഓട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യും. സത്യത്തിൽ ഓട്സ് ആരോഗ്യകരമാണോ? അതോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അബദ്ധമാണോ? ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷനുമായ മഞ്ജു പി. ജോർജ് മനോരമയോട് സംസാരിക്കുന്നു. 

ഓട്സ് ഒരു നല്ല ഭക്ഷണമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. നാരുകള്‍ ധാരാളമുള്ളതിനാൽ ദഹിക്കാൻ എളുപ്പമായതുകൊണ്ട് പ്രായമായവർക്കും കുട്ടികൾക്കും കഴിക്കാവുന്നതുമാണ്. എന്നാൽ പ്രമേഹമുള്ള വ്യക്തികളോ അമിതവണ്ണമുള്ളവരോ ഓട്സ് കഴിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാമോ? 

പൊതുവേ വൈറ്റ് ഓട്സാണ് നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. രുചിയുടെ കാര്യത്തിലും പലരും ഇത് തന്നെയായിരിക്കാം ഉപയോഗിക്കാൻ താൽപര്യപ്പെടുന്നത്. ഇത് വേവിച്ച് പുഡ്ഡിംഗ് പരുവത്തിൽ ആക്കിയായിരിക്കും പലരും കഴിക്കുന്നത്. കഴിക്കാനും സുഖമാണ് കഴിച്ചു കഴിഞ്ഞാൽ വയറിനു ബുദ്ധിമുട്ട് തോന്നുകയുമില്ല. നല്ല ഉറക്കവും കിട്ടും. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. നന്നായി ദഹിക്കുന്ന ഭക്ഷണങ്ങൾ ശരീരം പെട്ടെന്ന് വലിച്ചെടുക്കും. സ്വാഭാവികമായും ശരീരത്തിൽ കൂടുതൽ എനർജി കയറാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് പ്രമേഹ നിയന്ത്രണത്തിനും ഭാരം കുറയ്ക്കുന്നതിനും വേണ്ടി ഓട്സ് കഴിക്കുന്നവർ സ്റ്റീൽ കട്ട് അല്ലെങ്കിൽ മൾട്ടി ഗ്രെയ്ൻ ഓട്സ് തിരഞ്ഞെടുക്കുക. അതിൽ നിന്ന് അര കപ്പ് ഓട്സ് എടുത്ത് 4–5 മിനിറ്റ് നേരം കുതിരാനായി വയ്ക്കുക. അതിനുശേഷം അതിലേക്ക് പാല് കാച്ചി ഒഴിക്കുക, ചിലർ തൈര് ചേർത്ത് കഴിക്കാറുണ്ട്. ഇത്ര കഴിച്ചതുകൊണ്ട് കാര്യമില്ല. എപ്പോഴും ശരീരത്തിനാവശ്യം സമീകൃതാഹാരമാണ്. അതുകൊണ്ട് ഓട്സ് കഴിക്കുന്നതിന്റെ ഒപ്പം പയറോ മുട്ടയുടെ വെള്ളയോ അല്ലെങ്കിൽ മീനോ ചിക്കനോ പച്ചക്കറികളോ കഴിക്കാം. ഈ രീതിയിൽ കഴിക്കുമ്പോൾ അതൊരു ബാലൻസ്ഡ് മീൽ ആയി. ഇങ്ങനെയാണ് ഓട്സ് കഴിക്കേണ്ടത്. അല്ലാതെ വെറുതേ വേവിച്ചു കഴിഞ്ഞാൽ ദഹനം എളുപ്പമാകും എന്നതല്ലാതെ പ്രമേഹ നിയന്ത്രണത്തിനോ ഭാരം കുറയുന്നതിനോ കാരണമാകണമെന്നില്ല. 


Representative image. Photo Credit:alvarez/istockphoto.com
Representative image. Photo Credit:alvarez/istockphoto.com

പലരും അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ഓട്സോ റാഗിയോ മറ്റെന്തുമായിക്കോട്ടെ കുറുക്കു പരുവത്തിൽ എടുക്കുമ്പോൾ അതിന്റെ ആഗിരണം കൂടും. അത് ദഹനത്തിന് നന്നായി ഭവിക്കുന്നതു കൊണ്ട് ശരീരം പെട്ടെന്ന് വലിച്ചെടുക്കും. ഷുഗറിന്റെ അളവിലെ വ്യതിയാനത്തിനോ ശരീരഭാരം കൂടുന്നതിനോ കാരണമാവുകയും െചയ്യും. അതുകൊണ്ട് ദഹനം പതിയെ ആക്കുക എന്നതാണ് നമ്മുടെ ആവശ്യം എന്നുണ്ടെങ്കിൽ ഒരുപാട് െവന്തുടയുന്ന രീതിയിൽ അതിനെ പാകം ചെയ്യാതിരിക്കുക. 

oats

അടുത്തകാലത്തായി ട്രെൻഡിങ് ആയ ഓവർനൈറ്റ് ഓട്സിനെപ്പറ്റി ആറിയില്ലേ? അൽപം പാലും യോഗർട്ടും ചേർത്ത് ഓട്സ് ഒരു പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. അതിലേക്ക് ചിയ വിത്തുകൾ ചേർക്കും. കുറുകിയിരിക്കുന്ന ഈ കൂട്ട് രാവിലെ പുറത്തെടുത്ത് മധുരം ആവശ്യമെങ്കിൽ അൽപം തേൻ, നട്സ്, പഴങ്ങൾ എന്നിവ ചേർത്ത് കഴിക്കാം. ഒരുപാട് കട്ടിയായി ആണ് ഇരിക്കുന്നതെങ്കിൽ പാൽ ചേർക്കാം. 

ചിലർ ഓട്സ് സ്മൂത്തി ആയി കുടിക്കാറുണ്ട്. വർക്കൗട്ട് ഒക്കെ കഴിഞ്ഞു വരുമ്പോൾ കുറച്ച് ഓട്സ്, പാൽ അല്ലെങ്കിൽ സോയ മിൽക്ക്, നട്സ്, ഫ്രൂട്ട് കട്സ് എന്നിവ ഒരുമിച്ച് അരച്ചെടുത്ത് സ്മൂത്തിയായി കുടിക്കാം. പക്ഷേ നല്ലൊരു വ്യായാമത്തിനു ശേഷം ഇങ്ങനെ കഴിക്കുന്നതാണ് നല്ലത്. അല്ലാതെ വെയ്റ്റ് കുറയ്ക്കാനോ ഷുഗർ കുറയ്ക്കാനോ ആഗ്രഹിക്കുന്ന ആൾക്കാര്‍ ഇതേപോലെ എടുക്കുമ്പോൾ വിപരീതഫലമായിരിക്കും ഉണ്ടാവുക. 

എല്ലാ ആഹാരവും എല്ലാവരിലും ഒരേ പോലെ പ്രവർത്തിക്കണമെന്നില്ല. ചിലർക്ക് ഓട്സ് കഴിക്കുമ്പോൾ ഷുഗർ കൂടുന്നതായും ചിലർക്ക് കുറയുന്നതായും കാണുന്നുണ്ട്. അത് നമ്മുടെ ബോഡിയുടെ മെക്കാനിസം പോലെയിരിക്കും. പൊതുവായി പറഞ്ഞാൽ ഓട്സ് അധികം വേവിച്ച് ഉപയോഗിക്കാതിരിക്കുക. പാതി വെന്തപോലെ എടുക്കുകയാണെങ്കിൽ കുറച്ചു കൂടി ഗുണങ്ങൾ ലഭിക്കും. ആ പാകത്തിലാണ് ഓട്സ് കഴിക്കേണ്ടത്. 

English Summary:

The Truth About Oats: Will They Help You Lose Weight or Gain It?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com