മരണത്തിനു കാരണമാകാം; തലച്ചോറിലെ ക്ലോട്ടുകളുടെ കാരണങ്ങളും ലക്ഷണങ്ങളും ഇവ
Mail This Article
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യത്തെ ചുറ്റിപറ്റി നിരവധി ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. തലച്ചോറിന് സംഭവിച്ച ക്ലോട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കാംബ്ലി കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയത്.
സംസാര ശേഷിയെയും കാഴ്‌ചയെയുമെല്ലാം ബാധിക്കാവുന്ന തലച്ചോറിലെ ക്ലോട്ട് മരണത്തിലേക്ക് വരെ നയിക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്. സെറിബ്രല്‍ ത്രോംബോസിസ് അഥവാ സെറിബ്രല്‍ എംബോളിസം എന്നും ഇവയെ വിളിക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകളില്‍ ക്ലോട്ട് രൂപപ്പെടുകയോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് ക്ലോട്ട് സഞ്ചരിച്ച് തലച്ചോറിലെത്തുകയോ ചെയ്യുമ്പോഴാണ് സെറിബ്രല്‍ എംബോളിസം വരുന്നത്. ഈ ക്ലോട്ട് തലച്ചോറിലേക്കുള്ള രക്തത്തിന്റെയും ഓക്‌സിജന്റെയും വിതരണത്തെ ബാധിച്ച് പക്ഷാഘാതത്തിലേക്ക് നയിക്കാം.
ഇനി പറയുന്നവയാണ് ബ്രെയ്‌ന്‍ ക്ലോട്ടുകളുടെ ലക്ഷണങ്ങള്‍
1. ശരീരത്തിന്റെ ഒരു വശത്തിന് പെട്ടെന്ന് അനുഭവപ്പെടുന്ന മരവിപ്പോ ദുര്‍ബലതയോ
2. സംസാരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, വാക്കുകള്‍ രൂപപ്പെടുത്താനും മനസ്സിലാക്കാനുമുള്ള ബുദ്ധിമുട്ട്
3. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പെട്ടെന്ന് വരുന്ന കടുത്ത തലവേദന
4. കാഴ്‌ച പ്രശ്‌നം, മങ്ങിയ കാഴ്‌ച, ഒരു കണ്ണിന്റെയോ രണ്ട് കണ്ണിന്റെയോ കാഴ്‌ച നഷ്ടമാകല്‍.
5. ബാലന്‍സ് നഷ്ടമാകല്‍, നടക്കാന്‍ ബുദ്ധിമുട്ട്, തലകറക്കം
6. ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു വശം കോടി പോകല്‍
പല കാരണങ്ങള്‍ കൊണ്ട് ബ്രെയ്‌ന്‍ ക്ലോട്ടുകള്‍ ഉണ്ടാകാം. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ക്ലോട്ട് സൃഷ്ടിക്കുന്നതിലേക്ക് നയിക്കാറുണ്ട്. അട്രിയല്‍ ഫൈബ്രിലേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഹൃദയത്തില്‍ ക്ലോട്ടുണ്ടായി തലച്ചോറിലേക്ക് അവയെത്താന്‍ കാരണമാകാം. ത്രോംബോഫീലിയ, ആന്റിഫോസ്‌ഫോലിപിഡ് സിന്‍ഡ്രോം എന്നിവയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം. ഏതെങ്കിലും വീഴ്‌ചയുടെ ഭാഗമായി തലച്ചോറിന് ഉണ്ടാകുന്ന ക്ഷതവും ബ്രെയ്‌ന്‍ ക്ലോട്ടിലേക്ക് നയിക്കാം.
ബ്രെയ്‌ന്‍ ക്ലോട്ട് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അടിയന്തിരമായി വൈദ്യസഹായം തേടേണ്ടതാണ്. കൃത്യ സമയത്തെ ചികിത്സ തലച്ചോറിനുണ്ടാകുന്ന ക്ഷതം ലഘൂകരിക്കാന്‍ സഹായിക്കും.