പഠനം തകർക്കും സ്ക്രീൻ അഡിക്ഷൻ, വഴിമുട്ടി മാതാപിതാക്കൾ; പരിഹാരം അറിയാം?
Mail This Article
ചോദ്യം : കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകം ആയിരുന്നല്ലോ. അതിനു ശേഷവും ഓൺലൈൻ ആയി ക്ലാസുകളും പരിപാടികളും നടക്കുന്നുണ്ട്. ഇത് കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗം വളരെ കൂട്ടാൻ കാരണം ആയിട്ടുണ്ട്. കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള, ഇപ്പോൾ പ്രാബല്യത്തിലുള്ള മാർഗനിര്‍ദേശങ്ങൾ എന്തൊക്കെയാണ്?
ഉത്തരം : കോവിഡ് കാലത്തിനുശേഷം കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗം വലിയ അളവിൽ കൂടിയിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. മൊബൈലിന്റെയും മറ്റു ഡിജിറ്റൽ മീഡിയകളുടെയും അമിതോപയോഗം പഠനത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്നു എന്ന പരാതിയുമായി വരുന്ന രക്ഷിതാക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ഡിജിറ്റൽ മീഡിയ ഉപയോഗത്തെക്കുറിച്ച് അറിയുക എന്നത് ആവശ്യമാണ്. ആരോഗ്യകരമായ മീഡിയ ഉപയോഗത്തിനായുള്ള അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെയാണ്:
∙ പതിനെട്ടു മാസത്തിൽ താഴെയുള്ള കുട്ടികളിൽ മാതാപിതാക്കളുമായി വേണ്ടി വരുന്ന വിഡിയോ ചാറ്റിങ് ഒഴികെ മറ്റെല്ലാം ഒഴിവാക്കുക.
∙ 18 മാസം തൊട്ട് 24 മാസം വരെയുള്ള പ്രായത്തിൽ ഡിജിറ്റൽ മീഡിയ ഉപയോഗിക്കുവാൻ രക്ഷിതാക്കൾ തീരുമാനിക്കുകയാണെങ്കിൽ, ആ പ്രായത്തിൽ കുട്ടികൾക്ക് നിലവാരമുളള ബുദ്ധിവികാസത്തിന് ഉതകുന്ന തരത്തിലുള്ള പരിപാടികൾ തിരഞ്ഞെടുക്കുക.
∙ രണ്ടുമുതൽ അഞ്ചു വയസ്സുവരെ സ്ക്രീൻ ടൈം മണിക്കൂറായി നിജപ്പെടുത്തുക. കുട്ടികളുടെ കൂടെ ഇരുന്ന് പരിപാടികൾ കാണുകയും അവർക്ക് അതു മനസ്സിലാക്കാൻ സഹായിച്ചു കൊടുക്കുകയും വേണം. ഭക്ഷണസമയത്തും ഉറക്കത്തിനു മുൻപും ഉപയോഗം ഒഴിവാക്കുകയും ചെയ്യണം.
∙ ആറു വയസ്സിനു മുകളിലുള്ള കുട്ടികളിൽ സ്ക്രീൻ സമയം കഴിയുന്നതും കുറയ്ക്കുക. കൂടാതെ ഉറക്കം, കളികൾ. ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ തുടങ്ങിയവയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണസമയത്തും ഉറക്കത്തിനു മുൻപും ഉപയോഗം ഒഴിവാക്കണം.
ഈ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ താഴെപറയുന്ന കാര്യങ്ങൾ ഓരോ ആളിന്റെയും / കുടുംബത്തിന്റെയും സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി സ്വീകരിക്കാവുന്നതാണ്. ഡിജിറ്റൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കുടുംബത്തിനകത്ത് പൊതുവായ അഭിപ്രായ സമന്വയം ഉണ്ടാക്കുക. ഉദാ: എവിടെവച്ചെല്ലാം, എപ്പോഴൊക്കെ, എങ്ങനെയെല്ലാം ഡിജിറ്റൽ മീഡിയ ഉപയോഗിക്കാം.
∙ രക്ഷിതാക്കൾ ഈ നിയമങ്ങൾ പാലിക്കുകയും മാതൃകയായി മാറുകയും ചെയ്യണം.
∙ കുട്ടികളോടൊപ്പമിരുന്ന് ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കുക.
∙ പുറത്തിറങ്ങി ശരീരം ഇളക്കി ചെയ്യേണ്ട കളികളെയും പ്രവൃത്തികളെയും പ്രോത്സാഹിപ്പിക്കണം.
∙ആരോഗ്യകരമായ രീതിയിൽ ദൃശ്യ മാധ്യമങ്ങൾ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുക. ഉപകാരപ്രദമായ പ്രവർത്തനങ്ങൾ (വിവരശേഖരണം, ആരോഗ്യകരമായ സൗഹൃദങ്ങൾ) ഇതിലൂടെ നിർവഹിക്കാൻ പ്രോത്സാഹിപ്പിക്കാം.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)