നേതാക്കൾ വോട്ടിനു മടങ്ങി; പാർട്ടി ഓഫിസുകൾ വിജനം
Mail This Article
തിരുവനന്തപുരം ∙ പാർട്ടികളുടെ സംസ്ഥാന ഓഫിസുകളിൽ ഇന്നലെ ആളും ബഹളവുമില്ലായിരുന്നു. നേതാക്കൾ മിക്കവരും വോട്ടുചെയ്യാനായി മണ്ഡലങ്ങളിലേക്കു മടങ്ങി. ഒന്നരമാസത്തോളം തിരഞ്ഞെടുപ്പു തന്ത്രങ്ങളിൽ സജീവമായ പാർട്ടി കേന്ദ്രങ്ങൾ നിശ്ശബ്ദമായി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ഫോണിനു മുൻപിലായിരുന്നു. വോട്ട് തിരുവനന്തപുരത്തു തന്നെയായതിനാൽ യാത്ര വേണ്ടിവന്നില്ല.
ദിവസവും വൈകിട്ടു കെപിസിസി ഓഫിസിലെത്തുന്ന പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി ഇന്നലെയും എത്തി ഹസൻ, ചെറിയാൻ ഫിലിപ് എന്നിവരുമായി വിശകലനം നടത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തിരുവനന്തപുരം കേന്ദ്രീകരിച്ചിരുന്ന പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല ഇന്നലെ സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് ആയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എറണാകുളത്തും.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ മുതൽ സെക്രട്ടേറിയറ്റ് അംഗങ്ങളടക്കം വിവിധ മണ്ഡലങ്ങളിലായതിനാൽ, ഒരു മാസമായി എകെജി സെന്ററിൽ നേതൃയോഗങ്ങൾ കുറവായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം കണ്ണൂരിലേക്കു തിരിച്ചു. പിണറായി വിജയൻ വോട്ട് ചെയ്യാനായി കണ്ണൂരിലാണ്.
ബിജെപി സംസ്ഥാനസമിതി ഓഫിസായ മാരാർജി ഭവനിൽ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ജെ.പത്മകുമാർ തുടങ്ങിയവർ എത്തി. മറ്റിടങ്ങളിൽ സ്ഥാനാർഥികളായ പല നേതാക്കളും വോട്ടു ചെയ്യാൻ എത്തുന്നതിനാൽ ഇന്നു തലസ്ഥാനത്തു പക്ഷേ രാഷ്ട്രീയച്ചൂട് തുടരും. കെ.മുരളീധരൻ, തോമസ് ഐസക്, അനിൽ ആന്റണി, ജി.കൃഷ്ണകുമാർ എന്നിങ്ങനെ ജില്ലയ്ക്കു പുറത്തെ പല സ്ഥാനാർഥികൾക്കും തിരുവനന്തപുരത്താണ് വോട്ട്.