ADVERTISEMENT

പ്രവാസി വോട്ടർമാർ പാസ്പോർട്ട് കരുതണം

പ്രവാസി വോട്ടർമാരായി റജിസ്റ്റർ ചെയ്തവർ നാട്ടിലുണ്ടെങ്കിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കും. പക്ഷേ, ഇവർ പാസ്പോർട്ട് കൈവശം കരുതണം.

ടെൻഡർ ബാലറ്റ്

ഒരാൾ വോട്ടു ചെയ്ത ശേഷം, മറ്റൊരാൾ താനാണ് ആ വോട്ടറെന്ന അവകാശവാദവുമായി എത്തിയാൽ രേഖകൾ പരിശോധിച്ച ശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് തൃപ്തികരമാണെന്നു തോന്നിയാൽ ടെൻഡർ ബാലറ്റ് പേപ്പർ വഴി വോട്ടു ചെയ്യാൻ അനുവദിക്കാം. ഇതിന്റെ രേഖകളും വിവരങ്ങളും പ്രത്യേക റജിസ്റ്ററിൽ സൂക്ഷിക്കും. 

ചാലഞ്ച് വോട്ട്

ഒരു വോട്ടർ യഥാർഥ ആളല്ലെന്ന് ചാലഞ്ച് ചെയ്യാൻ പോളിങ് ഏജന്റുമാർക്കു സാധിക്കും. ഇതിനായി 2 രൂപ ഫീസ് പോളിങ് ഓഫിസർക്കു നൽകി രസീത് വാങ്ങണം. തുടർന്ന് ഹ്രസ്വമായ ഒരു അന്വേഷണത്തിലൂടെ ചാലഞ്ച് തെറ്റാണെന്നു തെളിഞ്ഞാൽ ഇയാളെ പേരും വിലാസവും മറ്റും ചാലഞ്ച് പട്ടികയിൽ എഴുതി ഒപ്പിട്ടോ വിരലടയാളം പതിപ്പിച്ചോ വോട്ടു ചെയ്യാൻ പോളിങ് ഉദ്യോഗസ്ഥൻ അനുവദിക്കും. ചാലഞ്ച് ശരിയാണെന്നു തെളിഞ്ഞാൽ വോട്ടറെ ഉടൻ തന്നെ പൊലീസിനു കൈമാറി പരാതി നൽകണം. ചാലഞ്ച് ശരിയാണെന്നു തെളിഞ്ഞാൽ 2 രൂപ ഫീസ് പോളിങ് ഏജന്റിനു തിരികെ ലഭിക്കും. 

ഒരാൾക്ക് ഒരു സഹായി

∙ കാഴ്ചപരിമിതർക്ക് 18 വയസ്സിനു മേൽ പ്രായമുള്ള ഒരാളെക്കൊണ്ടു വോട്ട് ചെയ്യിക്കാം. ആ ആളുടെ വലതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. 

∙ ശാരീരിക പ്രയാസങ്ങളുള്ളവർക്ക് വോട്ടിങ് കൗണ്ടർ വരെ സഹായിയെ കൂട്ടാം. എന്നാൽ, സ്വയം വോട്ട് ചെയ്യണം. 

∙ ആരെയും ഒന്നിലേറെ വോട്ടർമാർക്കു സഹായിയാകാൻ അനുവദിക്കില്ല. 

വിവിപാറ്റ് യന്ത്രങ്ങൾ

വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും സമീപമാണു വിവിപാറ്റ് യന്ത്രങ്ങൾ സ്ഥാപിക്കുക. ബാലറ്റ് യൂണിറ്റിൽ വോട്ടിങ് ബട്ടൺ അമർത്തി കഴിഞ്ഞാൽ തെർമൽ പേപ്പറിൽ പുറത്തുവരുന്ന പ്രിന്റൗട്ട് വോട്ടർക്കു കാണാം. ഇതിൽ സീരിയൽ നമ്പർ, പേര്, വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയുണ്ടാകും. വോട്ട് ചെയ്തയാളുടെ വിവരങ്ങൾ ഉണ്ടാകില്ല. 7 സെക്കൻഡ് നേരം സ്ലിപ് പരിശോധിക്കാൻ വോട്ടർക്കു സമയം ലഭിക്കും. എട്ടാം സെക്കൻഡി‍ൽ സ്ലിപ് സ്വയം മുറിഞ്ഞു ബാലറ്റ് പെട്ടിയിൽ വീഴും. സ്ലിപ് വോട്ടർക്കു ലഭിക്കില്ല. വോട്ടെടുപ്പ് പൂർത്തിയായാൽ വോട്ടിങ് യന്ത്രത്തോടൊപ്പം ഈ സ്ലിപ്പുകൾ അടങ്ങിയ ബാലറ്റ് പെട്ടിയും സീൽ ചെയ്തു സൂക്ഷിക്കും.

വോട്ടിങ് യന്ത്രങ്ങൾ

20 മണ്ഡലങ്ങളിലായി ഉപയോഗിക്കുന്നത് 30,238  വോട്ടിങ് യന്ത്രങ്ങൾ (റിസർവ് യന്ത്രങ്ങൾ ഉൾപ്പെടെ). 30,228 ബാലറ്റ് യൂണിറ്റും അത്ര തന്നെ കൺട്രോൾ യൂണിറ്റുകളും ഇതിൽപെടും.  

ആകെവോട്ടർമാർ 2.77 കോടി 

ആകെ വോട്ടർമാർ    2,77,49,159

സ്ത്രീകൾ 1,43,33,499

പുരുഷന്മാർ 1,34,15,293

ട്രാൻസ്ജെൻഡർ 367

ഭിന്നശേഷി വോട്ടർമാർ 2,64,232

85 വയസ്സു പിന്നിട്ടവർ 2,46,959

100 വയസ്സു പിന്നിട്ടവർ 2891

പ്രവാസി വോട്ടർമാർ 89,839

സർവീസ് വോട്ടർമാർ 57,493

18–19 പ്രായമുള്ളവർ 5,34,394

ഹരിതചട്ടം

പോളിങ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ഹരിതചട്ടം പാലിക്കണം. ബൂത്ത് പരിസരത്തെ മാലിന്യം ഉദ്യോഗസ്ഥരും സന്നദ്ധസംഘടനാ പ്രവർത്തകരും ബൂത്തിനു പുറത്തു പാർട്ടികൾ സ്ഥാപിച്ചിട്ടുള്ള ബൂത്തുകളിലെ മാലിന്യം അവരും നീക്കി ഹരിതസേനയ്ക്കു കൈമാറണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com