ഇ.പിയെ പാർട്ടി പിടിക്കുമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ
Mail This Article
തിരുവനന്തപുരം∙ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻ ബിജെപിയുടെ പ്രലോഭനത്തിൽ വീണോയെന്നു പാർട്ടി പരിശോധിക്കും. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കു വരാനാണു സാധ്യത. മുഖ്യമന്ത്രി– ബിജെപി ചർച്ചയിലെ ഇടനിലക്കാരൻ മാത്രമാണ് ജയരാജൻ എന്ന ആരോപണവുമായി പ്രതിപക്ഷം പിണറായി വിജയനിലേക്കു മുന കൂർപ്പിച്ചു. ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ തള്ളിയ പിണറായി, ജാവഡേക്കറെ താനും കാണാറുണ്ടെന്നു പറഞ്ഞ് ആ കൂടിക്കാഴ്ചയെ ലഘൂകരിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. ബിജെപിയുടെ കേരള ചുമതലയുള്ള ജാവഡേക്കറിനെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നതെന്നു ചോദിച്ച് സിപിഎം– ബിജെപി അന്തർധാരാ ആക്ഷേപം കടുപ്പിക്കാനുള്ള നീക്കവും പ്രതിപക്ഷം തുടങ്ങി.
നന്ദകുമാറിനെപ്പോലുള്ളവരുമായി ബന്ധം സ്ഥാപിച്ചു വൻ കെണിയിൽ പോയി ജയരാജൻ ചാടിക്കൊടുത്തെന്ന നിഗമനമാണ് സിപിഎമ്മിൽ.ജയരാജന്റെ ദുർബലമായ വിശദീകരണം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ പാർട്ടിക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തെ ഗൗരവത്തോടെയാണ് നേതാക്കൾ കാണുന്നത്. ഇ.പിയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതോടെ അദ്ദേഹം ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തുക എളുപ്പമാകില്ല. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ചു പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ജയരാജൻ എന്ന വികാരവും സിപിഎമ്മിലുണ്ട്.
കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ജയരാജനെതിരെ സംഘടനാ നടപടി ഇവിടെ സാധ്യമാകില്ല. എന്നാൽ, സംസ്ഥാന കമ്മിറ്റിക്കു ശുപാർശ ചെയ്യാം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് അതിനുള്ള അധികാരമില്ല. പാർട്ടി കമ്മിറ്റികളിൽനിന്നു വിട്ടുനിൽക്കുന്ന രീതിയുള്ള ഇ.പി നാളത്തെ യോഗത്തിന് എത്തിച്ചേരുമോ എന്നു വ്യക്തമല്ല.