ADVERTISEMENT

തൃശൂർ ∙ മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ആപ്പ് വഴി ജില്ലയിൽ 5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് പ്രവീൺ മോഹൻ (46) ആണു പിടിയിലായത്. എംസിടി എന്ന ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമാണു പ്രവീൺ. വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ. എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ സ്മാർട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷം 256 ദിവസം കൊണ്ടു നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്നു വിശ്വസിപ്പിച്ചാണു പണം തട്ടിയിരുന്നത്.

പണം നിക്ഷേപിക്കുമ്പോൾ ഫോണിൽ പണത്തിനു തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ചു പ്രമോഷൻ ക്ലാസുകൾ നടത്തി ആളുകളെ ആകർഷിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. തൃശൂർ സിറ്റി പൊലീസ് പരിധിയിൽ മാത്രം 29 പണം തട്ടിപ്പു കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്.

2021ൽ എംസിടിയുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ കേസ് റജിസ്റ്റർ ചെയ്തപ്പോൾ പേരു മാറ്റി എഫ്ടിഎൽ (ഫ്യൂച്ചർ ട്രേഡ് ലിങ്ക്) എന്നും ഗ്രൗൺ ബക്സ് എന്നും പേരു മാറ്റിയാണു തട്ടിപ്പ് തുടർന്നത്. ഇയാളുടെ ജാമ്യഹർജി പല കോടതികളും തള്ളിയിരുന്നു. പ്രതി സുപ്രീം കോടതിയിൽ നൽകിയ ജാമ്യ ഹർജിയും തള്ളിയതിനെത്തുടർന്ന് ഇന്നലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആർ.മനോജ്കുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ എ.എം.യാസിനാണു കസ്റ്റഡിയിലെടുത്തത്. 

English Summary:

Five crore fraud through app main accused arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com