വോട്ടിങ് യന്ത്രം തകരാർ, ‘ബീപ്’ ശബ്ദം വൈകൽ; പൊന്നാനിയിൽ 4 മണിക്കൂറും മൈനാഗപ്പള്ളിയിൽ 3 മണിക്കൂറും തടസ്സപ്പെട്ടു
Mail This Article
തിരുവനന്തപുരം ∙ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പുറപ്പെടുവിക്കുന്ന ‘ബീപ്’ ശബ്ദം പലയിടത്തും വോട്ടെടുപ്പ് വൈകിപ്പിച്ചു. ‘ബീപ്’ ശബ്ദം കേൾക്കാൻ വൈകിയതാണ് പലേടത്തും പ്രശ്നമായതെങ്കിൽ ചിലയിടത്ത് ശബ്ദം നിലയ്ക്കാനും സമയമെടുത്തു. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനു നേരെയുള്ള നീല ബട്ടൻ അമർത്തിയാൽ സമീപത്തെ ലൈറ്റ് ചുവപ്പു നിറത്തിൽ പ്രകാശിക്കും. തുടർന്ന് വോട്ടു രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ പേരും ചിഹ്നവും സീരിയൽ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തിൽ നിന്നു പുറത്തുവരികയും 7 സെക്കൻഡ് വിൻഡോയിലൂടെ ദൃശ്യമാകുകയും ചെയ്യും.
അപ്പോഴാണ് പ്രിസൈഡിങ് ഓഫിസറുടെ സമീപത്തുള്ള കൺട്രോൾ യൂണിറ്റിൽ നിന്നു ബീപ് ശബ്ദം കേൾക്കുക. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥിയുടെ ബട്ടനു നേരെയുള്ള ചുവപ്പു ലൈറ്റും കൺട്രോൾ യൂണിറ്റിലെ ‘Busy’ ലൈറ്റും അണഞ്ഞ് ബീപ് ശബ്ദം നിലയ്ക്കുമ്പോഴാണ് വോട്ടിങ് പൂർണമാകുന്നത്. എന്നാൽ ബീപ് ശബ്ദം നിലയ്ക്കാൻ വൈകി എന്നു പാർട്ടികൾ പരാതിപ്പെട്ടിട്ടില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പ്രതികരിച്ചു.
ഇതിനിടെ, സംസ്ഥാനത്ത് നാനൂറോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുണ്ടായി. ചിലയിടങ്ങളിൽ വിവി പാറ്റ് യന്ത്രവും പണിമുടക്കി. മിക്കതും പോളിങ് തുടങ്ങിയ ഘട്ടത്തിലായിരുന്നു. തകരാറ് പരിഹരിക്കുകയോ പുതിയ യന്ത്രം സ്ഥാപിക്കുകയോ ചെയ്ത് ഇവിടങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നു. മിക്കയിടത്തും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയാണു തടസ്സങ്ങളുണ്ടായത്. ഇരുപതോളം സ്ഥലങ്ങളിൽ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു.
പൊന്നാനി മണ്ഡലത്തിലെ 73–ാം ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി 4 മണിക്കൂറും മാവേലിക്കര മണ്ഡലത്തിലെ മൈനാഗപ്പള്ളി വേങ്ങ 114–ാം ബൂത്തിൽ 3 മണിക്കൂറും തടസ്സപ്പെട്ടു. പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ 90-ാം നമ്പർ ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ ക്ലോസിങ് ബട്ടൺ അമർത്തിയതു കാരണം ഒരു മണിക്കൂറിലധികം വോട്ടെടുപ്പ് തടസ്സപ്പെട്ടു.
ആലപ്പുഴ മണ്ഡലത്തിലെ ഹരിപ്പാട് താമല്ലാക്കൽ സിയോൺ എൽപി സ്കൂളിലെ ബൂത്തിൽ ഒരു വോട്ടർ ബീപ് ശബ്ദം കേൾക്കാത്തതിനാൽ 2 വട്ടം വോട്ടു ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 2 വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി. ആദ്യം ചെയ്ത വോട്ട് മാത്രമേ ഉൾപ്പെടുത്തൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു