ADVERTISEMENT

കോട്ടയം∙ പി.എൻ. കൃഷ്ണൻകുട്ടി നായർ തന്റെ പേരു മാറ്റിയപ്പോൾ‍ ‘ചിത്രം’കൃഷ്ണൻ‍ കുട്ടി എന്നായിരുന്നു വേണ്ടത്; കാരണം താനെടുത്ത ചിത്രങ്ങൾ‍ കൊണ്ടു പ്രശസ്തനായ ഫൊട്ടോഗ്രഫറെ ചിത്രം എന്നതിനു പകരം ചിത്രാ കൃഷ്ണൻ‍കുട്ടി എന്നാണ് നാടു വിളിച്ചത്! ഇന്ന് ചിത്രാ കൃഷ്ണൻ‍കുട്ടിക്കു 80 വയസ്സ് തികയുകയാണ്. അദ്ദേഹത്തിന്റെ ഭാഷയിൽ‍ പറഞ്ഞാൽ‍ രണ്ടു ഫിലിം റോളിന്റെയും പിന്നെ ഒരു 8ന്റെ ബിറ്റിന്റെയും നീളം. പക്ഷേ, ഇപ്പോഴും ചിത്രാ കൃഷ്ണൻ‍കുട്ടിയെന്ന ‘ചിത്രം കൃഷ്ണൻ‍ കുട്ടി’ തിരക്കിലാണ്. കൃഷ്ണൻ‍കുട്ടി തന്നെ ഫോട്ടോ എടുക്കണം എന്ന് നിർ‍ബന്ധം പിടിക്കുന്നവരുടെ ചടങ്ങുകൾ‍ക്കു തന്റെ കനോൻ‍ 5ഡി മാർ‍ക്ക് 3 ക്യാമറയുമായി ഓടിയെത്തും, പട പടാന്ന് പടമെടുക്കും. പക്ഷേ, ന്യൂ ജനറേഷന്റെ പടമെടുപ്പ്പോലെ ഒരൊറ്റ ക്ലിക്കിൽ‍ പത്തു പടമല്ല, കാച്ചിക്കുറുക്കിയെടുത്ത പോലെ എണ്ണം പറഞ്ഞ പടങ്ങൾ‍. അതു പട പടാന്ന് പടമാക്കി തന്റെ കസ്റ്റമറിനു കൊടുക്കും. ഒന്നിനും ഒരു താമസമില്ല. അതുകൊണ്ടെന്താ 50 വർ‍ഷത്തിലേറെയായി കോട്ടയത്തിന്റെ തിരുനെറ്റിയായ തിരുനക്കരയിൽ‍ ചിത്രാ സ്റ്റുഡിയോ എന്ന പൊട്ട് തെളിഞ്ഞു തന്നെ നിൽ‍ക്കുന്നു, ഒട്ടും മങ്ങലില്ലാതെ.

1966ലാണ് കൃഷ്ണൻ‍ കുട്ടി ഫൊട്ടോഗ്രഫിയിലേക്ക് എത്തിയത്. ആ കാലത്ത് കോട്ടയത്തും പരിസരത്തുമായി കയ്യിലെണ്ണാവുന്ന ഫൊട്ടോഗ്രഫർ‍മാരാണുണ്ടായിരുന്നത്. അതിൽ മുഖ്യനായ കുഞ്ഞുണ്ണി മാഷിനെയാണു കൃഷ്ണൻകുട്ടി ഗുരുവായി സ്വീകരിച്ചത്. ട്രാൻ‍സ്പോർട്ട് ബസ് സ്റ്റാൻഡിനടുത്തുണ്ടായിരുന്ന കുഞ്ഞുണ്ണി മാഷിന്റെ സ്റ്റുഡിയോയിൽ‍ സഹായിയായി ചേർന്നു. അവിടെ വച്ചാണ് കേരളധ്വനി, കേരളഭൂഷണം പത്രങ്ങളുടെ ഫൊട്ടോഗ്രഫറായ ചാണ്ടിയുമായി പരിചയത്തിലാകുന്നത്. ഒരു ദിവസം മല്ലപ്പള്ളിയിൽ‍ ഒരു കായികമേള നടക്കുന്നു. ചാണ്ടി സ്ഥലത്തില്ല, നറുക്ക് കൃഷ്ണൻ‍കുട്ടിക്കു വീണു. കേരളഭൂഷണത്തിലെ മാമിയ ക്യാമറയുമായി അദ്ദേഹം മല്ലപ്പള്ളിക്കു പോയി. അടുത്ത ദിവസം ചിത്രം പ്രസിദ്ധീകരിച്ചു. അങ്ങനെ പത്ര ഫൊട്ടോഗ്രഫറായി. 1973 കേശവൻ‍ സ്വാമിയുമായി ചേർ‍ന്ന് കോട്ടയത്ത് കൃഷ്ണൻകുട്ടി ചിത്രാ സ്റ്റുഡിയോ ആരംഭിച്ചു. അഞ്ചു പൈസ പോലും സ്വന്തമായി മുതൽ‍മുടക്കാതെ നാട്ടുകാരുടെ ഇൻവസ്റ്റ്മെന്റിലാണ് താൻ സ്റ്റുഡിയോ തുടങ്ങിയതെന്ന് അദ്ദേഹം പറയും. ക്യാമറയും മറ്റു സജ്ജീകരണങ്ങളും മാത്രമല്ല ‘ചിത്ര’ എന്ന പേരു പോലും സുഹൃത്തുക്കളുടെ സംഭാവനയായിരുന്നു. അവിടെ നിന്നു തന്റെ വളർ‍ച്ച ആരംഭിച്ച ചിത്രാ കൃഷ്ണൻകുട്ടി ക്യാമറ കോട്ടയം മാത്രമല്ല കേരളം മുഴുവൻ‍ ഫ്രെയിമിലാക്കുന്ന തരത്തിൽ‍ തുറന്നുവയ്ക്കുകയായിരുന്നു. അതിൽ‍ സിനിമയും രാഷ്ട്രീയവും ഇവന്റും വിവാഹവും എന്നു വേണ്ട സകലമാനവിഷയവും ‘പടമായി’!! മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ചെറുപ്പകാലത്ത് ആ ക്യാമറയ്ക്കു മുൻ‍പിൽ‍ പോസ് ചെയ്തു. ജയഭാരതിയും ഷീലയും സീമയും ശ്രീവിദ്യയും രമ്യ കൃഷ്ണനും ഒക്കെ സിനിമ സ്റ്റില്ലായി മോഹചിത്രങ്ങളായി മാറി. രാഷ്ട്രപതി വി.വി.ഗിരിയുടെയും കെ.കരുണാകരന്റെയും ശബരിമലദർശനവും ഉമ്മൻ ചാണ്ടി, എ.കെ ആന്റണി, വയലാർ രവി, തിരുവഞ്ചൂർ‍ രാധാകൃഷ്ണൻ‍ തുടങ്ങിയവരുടെ കെഎസ്‌യു കാലഘട്ടത്തിൽ‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കൊപ്പം ഉള്ള ചിത്രവും വളരെ പ്രശസ്തമാണ്. 

പ്രശസ്തിയിൽ‍ നിന്നു പ്രശസ്തിയിലേക്കു പോകുമ്പോഴും ഫൊട്ടോഗ്രഫിയിൽ‍ നിന്നു ലഭിച്ച പ്രതിഫലം കൃത്യമായ പ്ലാനിങ്ങോടെ നിക്ഷേപിച്ചു എന്നതാണ് 80ാം വയസിലെത്തുമ്പോൾ‍ കൃഷ്ണൻ‍കുട്ടി അഭിമാനത്തോടെ പറയുന്നത്.  സ്റ്റു‍ഡിയോയിൽ‍ നിന്നും കളർ‍ലാബിൽ‍ നിന്നുമുള്ള വരുമാനത്തിനൊപ്പം  ഒപ്പം കൃഷിയിലും തോട്ടം മേഖലയിലും സ്വന്തമായ പാത അദ്ദേഹം വെട്ടിയൊരുക്കി. നിലമ്പൂർ, ചിക്കമംഗ്ലൂർ‍, ഇടുക്കി തുടങ്ങിയിടങ്ങളിൽ‍ കാപ്പിയും ഏലവും കൃഷി ചെയ്ത് അദ്ദേഹം വരുമാനം പല ഇരട്ടിയാക്കി. 2022  മികച്ച ഏലം കർഷകനുള്ള സ്പൈസസ് ബോർഡിന്റെ ഒരു ലക്ഷം രൂപയുടെ അവാർഡും നേടി. 

അങ്ങനെ 18ാം വയസ്സിലുണ്ടായിരുന്ന അതേ ആവേശത്തോടെ ക്യാമറയെയും ഏലത്തോട്ടത്തെയും 80ാം വയസ്സിലും സ്നേഹിച്ച് ചിത്രാ കൃഷ്ണൻകുട്ടി മുൻപോട്ടു പോകുമ്പോൾ‍ അത് നന്നായി ഡവലപ് ചെയ്ത് പ്രിന്റെടുത്ത് ഒരു വലിയ ഫ്രെയിമിലൊതുക്കിവച്ച മനോഹര ചിത്രം പോലെ സുന്ദരവും ലളിതവും ആകുന്നു.

English Summary:

Photographer Krishnankutty 80th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com