കേന്ദ്രമന്ത്രി സ്ഥാനം: 2 വർഷത്തേക്ക് ഒഴിവ് ചോദിച്ചു, പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി
Mail This Article
തൃശൂർ ∙ ഇഷ്ടപ്പെട്ട ചില സിനിമകൾ ചെയ്യാനുണ്ടെന്നും അതിനാൽ രണ്ടു വർഷത്തേക്കു തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും എന്നാൽ, പാർട്ടി പറഞ്ഞാൽ ഭാരിച്ച ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ആറു മാസം മുൻപു വരെ എന്റെ ജോലി ചെയ്യാൻ അനുവദിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരാകാൻ പരിഗണിക്കുന്നതിൽ അവസാനത്തെ ആളായാൽ മതി. എന്നാൽ, പ്രധാനപ്പെട്ട 5 വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് താൻ അഭ്യർഥിച്ചിട്ടുണ്ട്. രാജ്യസഭാ എംപി ആയിരിക്കെ ചെയ്ത കാര്യങ്ങളുടെ പട്ടിക നിങ്ങൾക്കു ലഭിക്കും. സേവനം ചെയ്യാൻ മന്ത്രിയാകണമെന്നില്ല. സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി വിശകലനം നടത്തിയിട്ടുണ്ട് അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുന്നു. താൻ പ്രചാരണ സമയത്ത് തന്നെ വിശകലനം ചെയ്തതാണ്. തിരഞ്ഞെടുപ്പിൽ താൻ തന്നെത്തന്നെ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും മറ്റു സ്ഥാനാർഥികൾ എന്തു പറയുന്നു എന്നു നോക്കിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ വോട്ടർമാരോടു പറഞ്ഞു. അവർ അത് ചിന്തയിൽ വച്ച് തീരുമാനമെടുത്തിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതിനാണ് നിശ്ശബ്ദ പ്രചാരണ ദിവസം മണ്ഡലത്തിൽ നിന്നു വിട്ടുനിന്നത്. അതിനെയും ചിലർ അവഹേളിച്ചു. രണ്ടു പേർ തമ്മിലാണ് മത്സരമെന്നൊക്കെ പറയുന്നത് ജനാധിപത്യ സംവിധാനത്തെ അവഹേളിക്കലാണ്. എല്ലാവരും സ്ഥാനാർഥികളാണ്.
ബിജെപി കുറെ വോട്ട് ചേർത്തിട്ടുണ്ട്. കഴിഞ്ഞ 5 തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാത്തവരെ കണ്ടുപിടിച്ച് വോട്ടർ പട്ടികയിൽ ചേർക്കുകയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. യുവ വോട്ടർമാരെയും ചേർത്തതായി വ്യാജ വോട്ട് ചേർക്കൽ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.