ആരോഗ്യരംഗത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ആയുർവേദത്തിനേ കഴിയൂ: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
Mail This Article
കോട്ടയ്ക്കൽ(മലപ്പുറം) ∙ ജീവിതശൈലിയിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും കാരണം ആരോഗ്യരംഗത്തുണ്ടാകുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ ആയുർവേദത്തിനേ കഴിയൂവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ധർമാശുപത്രിയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരന്തര ഗവേഷണത്തിലൂടെ പുതിയ ചികിത്സാ മേഖലകൾ കണ്ടെത്താൻ ആയുർവേദത്തിൽ ശ്രമമുണ്ടാകണം. കപടശാസ്ത്രമെന്നു വിളിച്ച് ആയുർവേദത്തെ മാറ്റിനിർത്തുകയാണ് ആധുനിക ചികിത്സാരീതിയുടെ വക്താക്കൾ പലപ്പോഴും ചെയ്യുന്നത്. എന്നാൽ, ലോകത്തെമ്പാടും കൂടുതൽപേർ ആയുർവേദത്തിലേക്ക് ആകർഷിക്കപ്പെടുകയാണെന്നും കോവിഡിനു ശേഷം അതു കൂടുതൽ പ്രകടമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ആയുർവേദത്തിന്റെ പര്യായമായി കോട്ടയ്ക്കലും ആര്യവൈദ്യശാലയും മാറി. നൂറ്റാണ്ട് പിന്നിട്ടിട്ടും ആര്യവൈദ്യശാലാ ധർമാശുപത്രിയുടെ യശസ്സ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനു കാരണം അതു മുന്നോട്ടുവയ്ക്കുന്ന നന്മയാണ്. ആയുർവേദം വളർന്നാൽ അത് ആധുനിക ചികിത്സാരീതികളെ മറികടക്കും. അതുകൊണ്ടാണു പല കാരണങ്ങൾ പറഞ്ഞ് അതിനെ മാറ്റിനിർത്താൻ ശ്രമിക്കുന്നത്. ആയുർവേദ, അലോപ്പതി ചികിത്സകൾ ഒരുപോലെ ലഭ്യമാക്കിയാണ് ഡോ.പി.എസ്.വാരിയർ നൂറ്റാണ്ടു മുൻപ് ചാരിറ്റബിൾ ആശുപത്രി തുടങ്ങിയത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ വലിയ ഉദാഹരണമാണതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ ലോഗോ പ്രകാശനം ചെയ്തു. സിഇഒ കെ.ഹരികുമാർ അധ്യക്ഷത വഹിച്ചു. നടി ആശാ ശരത്, ട്രസ്റ്റി സി.ഇ.ഉണ്ണിക്കൃഷ്ണൻ, അൽമാസ് ഹോസ്പിറ്റൽ സിഎംഡി ഡോ.പി.എ.കബീർ, വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ, ധർമാശുപത്രി സൂപ്രണ്ട് ഡോ.കെ.ലേഖ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കും. 1924ൽ തുടങ്ങിയ ധർമാശുപത്രിയിൽ നിലവിൽ സൗജന്യ കാൻസർ ഒപിയും സഞ്ജീവനം പാലിയേറ്റീവ് കെയർ ക്ലിനിക്കും ക്ലിനിക്കൽ റിസർച് കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.