വാനും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു; ഡിവൈഎസ്പിക്ക് ഗുരുതര പരുക്ക്
Mail This Article
നെല്ലിമുകൾ (അടൂർ) ∙ വിനോദയാത്രാ സംഘം സഞ്ചരിച്ച വാനും പൊലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡിവൈഎസ്പിക്കും പൊലീസ് ഡ്രൈവർക്കും ഗുരുതര പരുക്ക്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ്, ഡ്രൈവർ ചവറ ചോല പുത്തൻചന്ത മംഗലത്ത് നൗഷാദ് (28) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. വാനിലുണ്ടായിരുന്ന 18 പേർക്കും പരുക്കേറ്റു.
ഇന്നലെ രാവിലെ 10.30ന് അടൂർ-ഭരണിക്കാവ് സംസ്ഥാന പാതയിൽ നെല്ലിമുകൾ ജംക്‌ഷനു സമീപത്തെ വളവിലായിരുന്നു അപകടം. ഏറ്റുമാനൂർ കളത്തൂർ സെന്റ് മേരീസ് പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകരും വൈദികരും സഞ്ചരിച്ച ടൂറിസ്റ്റ് വാനാണ് അപകടത്തിൽപെട്ടത്.
കൊല്ലം മൺറോ തുരുത്തിലേക്ക് പോയതായിരുന്നു ട്രാവലർ വാൻ. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് വാൻ നിന്നത്. പത്തനംതിട്ടയിലേക്ക് വരികയായിരുന്നു പൊലീസ് ജീപ്പിന്റെ മുൻവശം പൂർണമായി തകർന്നു. കാലിന് ഗുരുതര പരുക്കേറ്റ ഡിവൈഎസ്പി എം.എം.ജോസിനെയും ഡ്രൈവർ നൗഷാദിനെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാനിൽ സഞ്ചരിച്ചിരുന്ന വൈദികരായ ജോസ് (65), ടോണി (29), സിസ്റ്റർമാരായ റൊസീന (62), ട്രീസ (27), അധ്യാപകരായ കോട്ടയം കോതനല്ലൂർ കൂവക്കാട്ടിൽ കോട്ടയപ്പറമ്പിൽ കെ.എസ്. ജോർജ് (66), കളത്തൂർ വട്ട മറ്റത്തിൽ സജി (65), കളത്തൂർ പ്ലാത്തറ ജോയി മാത്യു (49), പാറത്താനത്ത് ജോർജ് തോമസ് (56), കളത്തീരേത്ത് ജസ്വിൻ ജോസഫ് (42), കളത്താര ജോഷി (47) ഭാര്യ ജെൻസി (43), പടിഞ്ഞാറേ കൊടിയംപ്ലാക്കിൽ ജീസ്ന (27), പാറത്താനം അനറ്റ് ജോർജ് (26), എം.ജെ.തോമസ് (56), ജെസ്ന (37), കുറുവലങ്ങാട് സ്വദേശി സുനീഷ് മാത്യു (40), ജെസ്സി (50), ഡ്രൈവർ കുറുവലങ്ങാട് കോയിക്കൽ സിജോ (42) എന്നിവർക്കാണ് പരുക്ക്. അനറ്റ്, ജോർജ് തോമസ് എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.