കമ്പമലയ്ക്ക് സമീപം മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ; വെടിവയ്പിൽ ആർക്കും പരുക്കില്ല
Mail This Article
മാനന്തവാടി (വയനാട്) ∙ മാവോയിസ്റ്റ് സാന്നിധ്യം സജീവമായി തുടരുന്ന തവിഞ്ഞാൽ പഞ്ചായത്തിലെ കമ്പമലയ്ക്ക് സമീപത്തെ ഉൾവനത്തിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. 9 തവണ പരസ്പരം വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും പരുക്കില്ല.
ഇന്നലെ രാവിലെ ഒൻപതരയോടെ കെഎഫ്ഡിസിയുടെ തേയില എസ്റ്റേറ്റിനോട് ചേർന്നുള്ള വനത്തിലാണ് വെടിവയ്പ് നടന്നത്. പതിവായി മാവോയിസ്റ്റുകൾ എത്തുന്നതിനാൽ കമ്പമലയിലും പരിസരങ്ങളിലും തണ്ടർബോൾട്ട് സംഘം പരിശോധന കർശനമാക്കിയിരുന്നു.
ഇന്നലെ രാവിലെ പരിശോധനയ്ക്കിടെ മാവോയിസ്റ്റുകൾ മുന്നിലെത്തുകയും വെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരിച്ചും വെടിവച്ചതോടെ മാവോയിസ്റ്റുകൾ ഉൾവനത്തിലേക്ക് പിൻമാറി. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് മാവോയിസ്റ്റ് സംഘം കമ്പമലയിൽ എത്തി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയിരുന്നു.
വൈത്തിരിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ സഹോദരൻ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഇതേ സംഘം തന്നെയാകും ഇന്നലെ വെടിവയ്പ് നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.