വൈദ്യുതി പ്രതിസന്ധി: ലോഡ് ഷെഡിങ് പരിഹാരമാകില്ല
Mail This Article
തിരുവനന്തപുരം ∙ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയാലും ഇപ്പോഴത്തെ വൈദ്യുതിപ്രതിസന്ധിക്കു പൂർണപരിഹാരമാകില്ലെന്നു വിദഗ്ധർ പറയുന്നു. സബ് സ്റ്റേഷനുകളിലെയും 11 കെവി ലൈനുകളിലെയും ലോഡ് കൂടുമ്പോൾ ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതു പരിഹാരമാണ്. എന്നാൽ, ട്രാൻസ്ഫോമറുകൾക്കു കീഴിലുള്ള ലൈനുകളിൽ ലോഡ് കൂടുന്നതു നിയന്ത്രിക്കാൻ ലോഡ് ഷെഡിങ് കൊണ്ടു സാധിക്കില്ല.
അമിത ലോഡ് മൂലം എഴുനൂറിലേറെ ട്രാൻസ്ഫോമറുകളാണ് ഇതുവരെ കേടായത്. ലോഡ് ഷെഡിങ് ഏർപ്പെടുത്തിയാലും വൈദ്യുതി വരുമ്പോൾ വീണ്ടും ട്രാൻസ്ഫോമറുകളുടെ ലോഡ് കൂടി ഫ്യൂസ് പോകും. പഴയതു മാറ്റി കൂടുതൽ ശേഷിയുള്ള ട്രാൻസ്ഫോമർ സ്ഥാപിക്കുകയാണ് ഇതിനുള്ള പരിഹാരം.
കഴിഞ്ഞവർഷം വേനൽക്കാലത്ത് ലോഡ് കൂടിയതു മൂലം നാനൂറോളം ട്രാൻസ്ഫോമറുകൾ കേടായിരുന്നു. ഇവയുടെ ശേഷി കൂട്ടാൻ പദ്ധതി തയാറാക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ബോർഡ് ആവശ്യപ്പെട്ട അത്രയും ട്രാൻസ്ഫോമറുകൾ കമ്പനിയിൽനിന്നു ലഭിക്കുന്നില്ലെന്നാണ് ഇതിനുള്ള ന്യായം.
ലോഡിന് അനുസരിച്ച് വോൾട്ടേജ് ഇല്ലാത്തതും ഫ്യൂസ് പോകുന്നതുമാണ് ഇപ്പോഴത്തെ മുഖ്യ പ്രശ്നം. മാറ്റിവയ്ക്കാൻ ശേഷി കൂടിയ ട്രാൻസ്ഫോമർ ഇല്ലാത്തതിനാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ജനത്തോട് അഭ്യർഥിക്കുക മാത്രമാണു വഴി.