ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനു ബിൽ കൊണ്ടുവരാൻ വീണ്ടും നീക്കം. ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് ആലോചന. ജൂണിൽ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 97,429 രൂപയാണ് അലവൻസും ശമ്പളവും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ചേർന്ന നിയമസഭാ സമ്മേളനത്തിൽ ശമ്പളം വർധിപ്പിക്കുന്നതിനു ബിൽ അവതരിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, ഇതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക മൂലം മാറ്റിവച്ചു. അടുത്തവർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പു വരുന്നതിനാൽ, ശമ്പളവർധനയ്ക്കു പറ്റിയ സമയം ഇപ്പോഴാണെന്ന ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പഴയ ഫയൽ പൊടിതട്ടിയെടുക്കുന്നത്.

2018ലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 97,429 രൂപയാക്കി. എംഎൽഎമാരുടെ ശമ്പളവും അലവൻസും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കി. മന്ത്രിമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്റർ അടിസ്ഥാനത്തിൽ പരിധിയില്ലാതെ യാത്രാബത്ത ലഭിക്കും. മന്ത്രിമാർക്കു വാഹനവും വസതിയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും. തിരുവനന്തപുരത്തിനു പുറത്ത് ഗവ. ഗെസ്റ്റ് ഹൗസുകളിൽ താമസിക്കാം.

മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത വായ്പ ലഭിക്കും. രോഗം വന്നാൽ വിദേശത്തുൾപ്പെടെ ചികിത്സിക്കുന്നതിനുള്ള ചെലവു സർക്കാർ വഹിക്കും. ഇതിനും പരിധിയില്ല. ജീവിതപങ്കാളിക്കും ചികിത്സച്ചെലവു ലഭിക്കും. മുൻ നിയമസഭാംഗങ്ങൾക്കും ചികിത്സച്ചെലവിന് അർഹതയുണ്ട്. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങൾക്കു പെൻഷൻ ലഭിക്കും.

മന്ത്രിമാർക്ക് ഇപ്പോൾ അവരുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെക്കാൾ ശമ്പളം കുറവാണെന്ന കാര്യവും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ പ്രൈവറ്റ് സെക്രട്ടറി, സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് 1.45 ലക്ഷം രൂപയാണ് ശരാശരി ശമ്പളം. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്ക് 1.3 ലക്ഷം ലഭിക്കും.

പെൻഷൻ അതതു മാസം: വാക്കു പാലിക്കാതെ സർക്കാർ

സംസ്ഥാനത്തെ 60 ലക്ഷത്തോളം ക്ഷേമ പെൻ‌ഷൻകാർക്ക് വോട്ടെടുപ്പിനു മുൻപു നൽകിയ വാക്ക് സർക്കാർ മറന്നു. ഏപ്രിൽ മുതൽ ക്ഷേമ പെൻഷൻ അതതു മാസം നൽകുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇന്നലെ ഏപ്രിൽ പിന്നിട്ടപ്പോൾ 5 മാസത്തെ പെൻഷൻ കുടിശികയായി. തിരഞ്ഞെടുപ്പിനു മുൻപ് 3 മാസത്തെ പെൻഷനാണ് 2 വട്ടമായി നൽകിയത്. അപ്പോൾ കുടിശികയായി ഉണ്ടായിരുന്നത് 4 മാസത്തെ പെൻഷൻ. ഏപ്രിൽ പിന്നിട്ടതോടെ കുടിശിക 5 മാസത്തേതായി. ഇത് 8000 രൂപ വീതം വരും.

English Summary:

Plan to increase fifty percentage of salaries of ministers and MLAs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com