ലാവ്ലിൻ കേസ് അന്തിമവാദത്തിന് ലിസ്റ്റ് ചെയ്തു
Mail This Article
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായതടക്കം എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിലെ അന്തിമവാദം കേൾക്കാനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്തു. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 113–ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പരിഗണനയ്ക്ക് എത്തുമോയെന്ന് ഉറപ്പില്ല. വീണ്ടും മാറ്റിവയ്ക്കപ്പെട്ടാൽ അവധിക്കു ശേഷമേ പരിഗണിക്കാൻ സാധ്യതയുള്ളു. നേരത്തേ ജൂലൈ 10നു പരിഗണിക്കാനായി മാറ്റിയ കേസ് സിബിഐയുടെ കൂടി അഭ്യർഥന പരിഗണിച്ചാണ് മേയ് ആദ്യം അന്തിമവാദം കേൾക്കാൻ നിശ്ചയിച്ചത്.
എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്.