മേയർ ബസ് തടഞ്ഞ സംഭവം: ഡ്രൈവറുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്
Mail This Article
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം.സച്ചിൻദേവ് എംഎൽഎയും ഉൾപ്പെടെയുള്ള സംഘം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ സംഭവത്തിൽ ബസ് ഡ്രൈവർ എൽ.എച്ച്.യദുവിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ, പ്രാഥമികാന്വേഷണ റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിട്ടില്ല. യദു സിറ്റി പൊലീസ് കമ്മിഷണർക്കു നിവേദനം നൽകിയതിനെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്. യദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
കേസിലെ നിർണായക തെളിവായ, ബസിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് നഷ്ടമായതുമായി ബന്ധപ്പെട്ട് തമ്പാനൂർ പൊലീസ് കേസെടുത്തു. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം കെഎസ്ആർടിസി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറാണ് പരാതി നൽകിയത്. കെഎസ്ആർടിസി ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്യും. മെമ്മറി കാർഡ് കാണാതായതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മേയർക്കും ഡ്രൈവർക്കും ഇരട്ടനീതി പാടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ഏപ്രിൽ 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറും എംഎൽഎയും ബന്ധുക്കളും സഞ്ചരിച്ച കാർ സീബ്ര ലൈനിൽ കുറുകെയിട്ടു ബസ് തടഞ്ഞ ശേഷം സച്ചിൻദേവ് എംഎൽഎ ബസിനുള്ളിൽ കയറിയെന്ന് എ.എ.റഹീം എംപി സ്ഥിരീകരിച്ചു. എംഎൽഎ ബസിൽ കയറിയില്ലെന്ന മേയറുടെ വാദം തള്ളുന്നതാണ് എംപിയുടെ വെളിപ്പെടുത്തൽ.
ബസിൽ കയറിയ എംഎൽഎ യാത്രക്കാരോട് ഇറങ്ങിപ്പോകാനും വിവാദ സംഭവം പകർത്തിയ യാത്രക്കാരനോട് ഫോണിൽ നിന്നു ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനും നിർദേശിച്ചെന്നു ഡ്രൈവർ യദു പറഞ്ഞിരുന്നു. യാത്രക്കാരോട് ഇറങ്ങിപ്പോകാനല്ല, ബസ് സെൻട്രൽ ഡിപ്പോയിലേക്കു കൊണ്ടുപോകാനാണ് എംഎൽഎ നിർദേശിച്ചതെന്നാണ് എംപിയുടെ വാദം. ഈ ബസിലെ കണ്ടക്ടർ സംഭവം നടക്കുമ്പോൾ എ.എ.റഹീം എംപിയെ വിളിച്ചെന്ന എം.വിൻസെന്റ് എംഎൽഎയുടെ വാദവും റഹീം സ്ഥിരീകരിച്ചു.