പ്രതിഷേധം: പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി
Mail This Article
തിരുവനന്തപുരം ∙ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിലാക്കിയ ആദ്യദിനം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്തെവിടെയും നടത്താനായില്ല. കോവിഡ് മൂലം ടെസ്റ്റ് മാറ്റിവച്ചുവെന്ന സന്ദേശം ലഭിച്ചതിനാൽ സ്ലോട്ട് ബുക്ക് ചെയ്തവരിൽ ഭൂരിപക്ഷം പേരും എത്തിയതുമില്ല. സന്ദേശം സാങ്കേതികപ്പിഴവാണെന്നു മോട്ടർ വാഹനവകുപ്പ് വിശദീകരിക്കുമ്പോൾ, കൂടുതൽ പേർ ടെസ്റ്റിന് എത്തുന്നതു മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ വകുപ്പ് ചെയ്തതാണെന്നു ഡ്രൈവിങ് സ്കൂൾ ഉടമകൾ ആരോപിക്കുന്നു.
സിഐടിയു ഉൾപ്പെടെ എല്ലാ യൂണിയനിലും ഉൾപ്പെട്ട സംഘടനകൾ സംയുക്തമായാണു പ്രതിഷേധിച്ചത്. ഇന്നും പ്രതിഷേധം തുടരും. 15 വർഷം പഴക്കമുള്ള വാഹനം ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കാൻ പാടില്ലെന്നു നിർദേശിച്ചും പ്രതിദിന ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയും വകുപ്പ് ഇറക്കിയ സർക്കുലറിനെതിരെ സംഘടനകൾ നൽകിയ ഹർജിയിൽ ഇന്നു കോടതി തീരുമാനമെടുത്തേക്കും.
മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ: മന്ത്രി; പരാമർശത്തിൽ പ്രതിഷേധം
തിരുവനന്തപുരം ∙ മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയയുണ്ടെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പരാമർശം വിവാദമായി. സിഐടിയു അടക്കം ഇതിനെതിരെ പ്രതിഷേധിച്ചു.
∙ മന്ത്രി വാർത്താ ചാനലിൽ പറഞ്ഞത്: മലപ്പുറത്ത് ഡ്രൈവിങ് സ്കൂളുകാരുടെയും ഏജന്റുമാരുടെയും മാഫിയയുണ്ട്. ഇവരും ചില ഉദ്യോഗസ്ഥരും ചേർന്ന് ആർടി ഓഫിസുകളിൽ 3 കോടി രൂപയുടെ വെട്ടിപ്പു നടത്തി. കംപ്യൂട്ടറിൽനിന്നു കള്ള രസീത് അടിച്ചു വണ്ടികൾക്കു നൽകി നികുതി അടച്ചുവെന്നു വരുത്തി. 6 മണിക്കൂർകൊണ്ട് 126 ലൈസൻസ് കൊടുക്കുകയാണ്. ഇതെങ്ങനെ സാധിക്കും? ലൈസൻസ് എന്നു പറഞ്ഞാൽ ലൈസൻസ് ടു ഡ്രൈവ് ആണ്. ലൈസൻസ് ടു കിൽ അല്ല.’
∙ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം: മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണ്. തിരുവനന്തപുരം മേയറുടെ റോഡ് ഭരണവുമായി ബന്ധപ്പെട്ട വിവാദം മറച്ചുവയ്ക്കാൻകൂടിയാണ് മലപ്പുറത്തെ ചൊറിയുന്നത്. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർഥമില്ല.
∙ സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ: മലപ്പുറം എന്ന പേരുകേൾക്കുമ്പോൾ പലർക്കുമുണ്ടാകുന്ന വിഷമം മന്ത്രിക്കുമുണ്ട്.