വിദ്യാർഥിനിയുടെ മരണം ഷിഗെല്ല ബാധിച്ചെന്ന് സംശയം; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വയറിളക്കവും ഛർദിയും മൂലം
Mail This Article
കടമ്പനാട് (പത്തനംതിട്ട) ∙ എട്ടു വയസ്സുകാരിയുടെ മരണം ഷിഗെല്ല ബാക്ടീരിയ ബാധ മൂലമെന്ന് സംശയം. ഗണേശവിലാസം അവന്തിക നിവാസിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തികയാണ് (8) മരിച്ചത്. വയറിളക്കവും ഛർദിയും കലശലായതിനെ തുടർന്ന് കഴിഞ്ഞ 30ന് രാവിലെ എട്ടോടെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതോടെ വൈകിട്ട് 4ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള സർട്ടിഫിക്കറ്റിലാണ് മരണ കാരണം ഷിഗെല്ല എൻസെഫെലോപ്പതി എന്നു രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതു സ്ഥിരീകരിക്കുന്ന തരത്തിൽ ലബോറട്ടറി പരിശോധന നടത്തിയിട്ടില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. അങ്ങാടിക്കൽ അറന്തക്കുളങ്ങര ഗവ.എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം നടത്തി. അവിനേഷാണ് സഹോദരൻ.
പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി ശുചീകരണം നടത്തി. സമീപത്തെ വീടുകളിലെ കിണറുകളിൽനിന്ന് വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മണിയമ്മ പറഞ്ഞു.