ADVERTISEMENT

തിരുവനന്തപുരം ∙ ഇന്നും നാളെയും സംസ്ഥാനത്തു കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് കള്ളക്കടൽ പ്രതിഭാസത്തിന് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും തീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ട്.

ഇന്നു പുലർച്ചെ 2.30 മുതൽ നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം. 

കള്ളക്കടൽ: സൂനാമി അല്ല; മഴയും കാറ്റുമില്ലാതെ തീരം കവരും 

തിരുവനന്തപുരം ∙ സൂനാമി പോലെ വലിയ നാശം വിതയ്ക്കുന്ന കൂറ്റൻ തിരമാലകളല്ല കള്ളക്കടൽ പ്രതിഭാസത്തിൽ ഉണ്ടാകുന്നത്. എങ്കിലും തീരദേശത്തു ജലനിരപ്പ് ഉയരാനും വീടുകളിൽ വെള്ളം കയറാനും തീരശോഷണമുണ്ടാക്കാനും ഇതു കാരണമാകും. സാധാരണ തിരമാലകൾ തീരദേശത്തെ കാറ്റിന്റെ ചലനം അനുസരിച്ചു രൂപപ്പെടുന്നതാണെങ്കിൽ, കള്ളക്കടൽ പ്രതിഭാസത്തിൽ സമുദ്രത്തിൽ ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ നിന്നു തിരമാലകൾ രൂപപ്പെടും.

ആഴ്ചകളും മാസങ്ങളുമെടുത്താണ് ഇവ തീരത്തേക്കെത്തി വലിയ തിരകൾക്കു കാരണമാകുന്നത്. തരംഗദൈർഘ്യം കൂടുതലായതിനാൽ വളരെ വലിയ തിരമാലകളാണ് ശക്തിയോടെ തീരത്ത് എത്തുന്നത്. മഴയും കാറ്റും ഇല്ലാതെ തന്നെ അപ്രതീക്ഷിതമായി വലിയ തിരയടിച്ചു തീരം കവർന്നെടുക്കുന്നതിനാലാണ് ഇതിനെ കള്ളക്കടൽ എന്നു വിളിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളത്തിൽ ചിലയിടങ്ങളിൽ കള്ളക്കടൽ പ്രതിഭാസം പ്രത്യക്ഷപ്പെട്ടിരുന്നു. 

കള്ളക്കടലുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ: 
∙ ജാഗ്രതാ നിർദേശം സംബന്ധിച്ച് ഉച്ചഭാഷിണികൾ വഴി അറിയിപ്പു നൽകാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. 
∙ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 
∙ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. 
∙ മീൻപിടിത്ത ബോട്ട്, വള്ളം തുടങ്ങിയവ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. 
∙ വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. 
∙ മീൻപിടിത്ത ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. 

English Summary:

High tidal waves predicted on Kerala coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com