വൈദ്യുതി: പ്രാദേശിക നിയന്ത്രണം തുടങ്ങി; സൂക്ഷിച്ച്...
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വർധിക്കുന്ന സാഹചര്യത്തിൽ, ലോഡ് കൂടുന്ന മേഖലകളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഒട്ടാകെയുള്ള ലോഡ്ഷെഡിങ് ഇല്ല. വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് ക്രമീകരണമെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി.
2 ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം ബോർഡ് വീണ്ടും സർക്കാരിനു റിപ്പോർട്ട് നൽകും. ചരിത്രത്തിൽ ആദ്യമായി വ്യാഴാഴ്ച വൈദ്യുതി ഉപയോഗം 11.41852 കോടി യൂണിറ്റും പീക് ലോഡ് 5854 മെഗാവാട്ടും ആയി ഉയർന്നു. യഥാർഥത്തിൽ വൈദ്യുതി ആവശ്യം 6000 മെഗാവാട്ടിൽ എത്തിയെന്നും പ്രാദേശിക നിയന്ത്രണം കൊണ്ടാണ് 5854 ൽ നിന്നതെന്നും ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി.
രാത്രി സമയത്തുള്ള നിയന്ത്രണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. വൈദ്യുതി ലൈനിലേക്കു ചാഞ്ഞുനിൽക്കുന്ന ചില്ലകൾ വെട്ടുന്നതടക്കമുള്ള വിവിധകാരണങ്ങൾ ചൂണ്ടിക്കാട്ടി പകൽ പലയിടങ്ങളിലും വൈദ്യുതി വിഛേദിക്കുന്നുണ്ട്.
നിയന്ത്രണം ഇങ്ങനെ:
∙ രാത്രി 10 മുതൽ പുലർച്ചെ 2 വരെ വൻകിട വ്യവസായങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കണം.
∙ ഈ സമയം ഒഴിവാക്കിക്കൊണ്ട് ജല അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും ഈ സമയത്തു പ്രവർത്തിപ്പിക്കാൻ പാടില്ല.
∙ രാത്രി 9 കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ ലൈറ്റുകളും ഓഫ് ചെയ്യണം.
∙ ഗാർഹിക ഉപയോക്താക്കൾ എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളിൽ സെറ്റ് ചെയ്യണം.
∙ പീക് ലോഡ് സമയത്ത് അനാവശ്യ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കണം.
∙ ‘‘ഇപ്പോഴത്തെ അസാധാരണ സാഹചര്യം പ്രകൃതി ദുരന്തമായി കണ്ട് രാത്രി 10 മുതൽ പുലർച്ചെ 2 വരെയുള്ള സമയത്ത് പരമാവധി ഉപയോഗം കുറയ്ക്കാൻ എല്ലാവരും സഹകരിക്കണം. സാങ്കേതിക കാരണത്താൽ വൈദ്യുതി മുടങ്ങുമ്പോൾ ബോർഡ് ഓഫിസുകളിൽ ബഹളം ഉണ്ടാക്കുന്നതും ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്നതും പ്രവർത്തനം താറുമാറാക്കും. ’’ – മന്ത്രി കെ. കൃഷ്ണൻകുട്ടി.
റേഷൻ കടകളുടെ സമയത്തിൽ മാറ്റം
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാക്കി ക്രമീകരിച്ചു.