കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ ശുപാർശ; മന്ത്രി റിയാസിനെതിരെ കുഴൽനാടൻ
Mail This Article
തിരുവനന്തപുരം ∙ റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ ശുപാർശ നൽകിയതിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ സംശയനിഴലിൽ നിർത്തി മാത്യു കുഴൽനാടൻ എംഎൽഎ. ആലപ്പുഴ കലക്ടർ അധ്യക്ഷയായ ജില്ലാതല സമിതിയിൽ കർത്തായുടെ പദ്ധതിയെ ടൂറിസം പ്രതിനിധി അനുകൂലിച്ചു. പദ്ധതി നടപ്പാക്കാവുന്നതാണെന്നു സമിതി ലാൻഡ് ബോർഡിനു ശുപാർശയും നൽകി. മന്ത്രിയുടെ ഭാര്യയ്ക്കു കർത്തായുടെ കമ്പനി പണം നൽകിക്കൊണ്ടിരിക്കുമ്പോഴാണ്, പദ്ധതിക്ക് അനുകൂലമായി ശുപാർശയുണ്ടായത്. ഇതിനു മന്ത്രി നിർദേശിച്ചോ എന്നറിയാൻ അന്വേഷണം നടക്കണമെന്നു കുഴൽനാടൻ ആവശ്യപ്പെട്ടു.
മാസപ്പടി: കൂടുതൽ രേഖകൾ ഹാജരാക്കി
തിരുവനന്തപുരം ∙ മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ രേഖകൾ മാത്യു കുഴൽനാടൻ എംഎൽഎ കോടതിയിൽ ഹാജരാക്കി. 5 രേഖകളാണു നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ എന്നിവരുടെ പങ്കു തെളിയിക്കുന്ന രേഖകളാണു നൽകിയതെന്നാണു മാത്യു അറിയിച്ചത്. കരിമണൽ കമ്പനിക്ക് എന്ത് ആനുകൂല്യം ലഭിച്ചെന്ന ചോദ്യം കോടതി ആവർത്തിച്ചു. കേസ് വിജിലൻസ് പ്രത്യേക കോടതി തിങ്കളാഴ്ച പരിഗണിക്കും.