കരുവന്നൂർ കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.
Mail This Article
കൊച്ചി ∙ തൃശൂർ കരുവന്നൂർ സഹകരണബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ പ്രതികളുടെ സ്വത്തു കണ്ടുകെട്ടാനും തട്ടിയെടുത്ത കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയ കൂടുതൽ സ്വത്തുവകകൾ കണ്ടെത്താനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശ്രമം തുടങ്ങി.
ഇ.ഡി മരവിപ്പിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതു സംബന്ധിച്ച തടസ്സഹർജി സമർപ്പിക്കാൻ പ്രതിഭാഗത്തിനു വിചാരണക്കോടതി 17 വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രതികളുടെ സ്വത്തു കണ്ടുകെട്ടി അതിൽ നിന്നു നഷ്ടപ്പെട്ട നിക്ഷേപം തിരികെ നൽകണമെന്നാവശ്യപ്പെട്ടു നിക്ഷേപകർ നൽകിയ ഹർജിയുടെ പകർപ്പും കേസിൽ ഇ.ഡി ഇതുവരെ സമർപ്പിച്ച രേഖകളുടെ പകർപ്പും വിചാരണക്കോടതി പ്രതിഭാഗത്തിനു നൽകി.
നിക്ഷേപകരുടെ ഹർജി അനുവദിക്കാതിരിക്കാൻ ന്യായമായ കാരണങ്ങൾ ബോധിപ്പിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞില്ലെങ്കിൽ കണ്ടുകെട്ടിയ സ്വത്തിൽ നിന്നു നിക്ഷേപകർക്കു പണം തിരികെ നൽകാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ (പിഎംഎൽഎ) വകുപ്പുണ്ട്.