മീൻപിടിക്കുന്നതിനിടെ ന്യൂസീലൻഡിൽ 2 മലയാളികളെ കടലിൽ കാണാതായി
Mail This Article
മൂവാറ്റുപുഴ∙ ന്യൂസീലൻഡിൽ കടലിടുക്കിൽ റോക് ഫിഷിങ്ങിനു പോയ 2 മലയാളി യുവാക്കളെ കാണാതായി. മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസിൽ ശരത് കുമാർ (37) എന്നിവരെയാണു കാണാതായത്.
ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് വിനോദത്തിനായി റോക് ഫിഷിങ് നടത്തുന്നതിനു പോയത്. രാത്രി വൈകിയും ഇരുവരും വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നോർത്ത് ലാൻഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് 3 കിലോമീറ്റർ തീരപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല.
ഇവരുടെ വാഹനവും മൊബൈൽ ഫോൺ, ഷൂ എന്നിവയും കടൽത്തീരത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിൽ കടലിലും പരിശോധന നടത്തിയെങ്കിലും വ്യാഴാഴ്ചയും ഇരുവരെയും കണ്ടെത്താനായില്ലെന്ന് നോർത്ത് ലാൻഡ് പൊലീസ് അറിയിച്ചു. ഫെർസിലും ശരത്തും കുടുംബത്തോടൊപ്പം ന്യൂസീലൻഡിലെ സെൻട്രൽ വാങ്കാരെയിലേക്ക് അടുത്തിടെയാണ് താമസം മാറിയത്.
കടലിനോടു ചേർന്നുള്ള പാറക്കെട്ടുകളിലും കുത്തനെയുള്ള കല്ലിടുക്കുകളിലും സാഹസികമായി നടത്തുന്ന മീൻപിടിത്തമാണ് റോക്ക് ഫിഷിങ്. ഓസ്ട്രേലിയയിലും മറ്റും അപകടകരമായ വിനോദമായാണ് ഇതിനെ കണക്കാക്കുന്നത്.