ലാവ്ലിൻ കേസ് വീണ്ടും ‘പുറത്ത്’; 40–ാം തവണ സുപ്രീം കോടതിക്ക് മുൻപിലെത്തി, പരിഗണിച്ചില്ല
Mail This Article
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഉള്ളതടക്കം എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെയും സുപ്രീം കോടതി പരിഗണിച്ചില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ചിൽ കഴിഞ്ഞ 2 ദിവസവും കേസ് എത്തിയെങ്കിലും തിരക്കുമൂലം എടുത്തില്ല. ഇന്നലത്തേതും ചേർത്ത് ഇതുവരെ 40 തവണയാണ് കേസ് സുപ്രീം കോടതി മാറ്റിയത്. മേയ് ആദ്യം ഹർജികളിൽ അന്തിമവാദം കേൾക്കുമെന്നായിരുന്നു ഫെബ്രുവരിയിൽ അറിയിച്ചിരുന്നത്.
20നു സുപ്രീം കോടതി വേനലവധിക്കു പിരിയും. ജൂലൈ 7ന് വീണ്ടും തുറക്കും. അവധിക്കാല ബെഞ്ചുണ്ടാകുമെങ്കിലും ലാവ്‌ലിൻ പരിഗണിക്കില്ല. പന്നിയാർ, പള്ളിവാസൽ, ചെങ്കളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണു സുപ്രീം കോടതിയിലുള്ളത്.