7 സർട്ടിഫിക്കറ്റുകൾക്കു പകരം ഡിജിറ്റൽ ബിൽഡിങ് സർട്ടിഫിക്കറ്റ്
Mail This Article
തിരുവനന്തപുരം ∙ കോർപറേഷനുകളിലും നഗരസഭകളിലും ഇനി ഉടമസ്ഥത (ഓണർഷിപ്) ഉൾപ്പെടെ 7 സർട്ടിഫിക്കറ്റുകൾക്കു തുല്യമായ ബിൽഡിങ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കും. ഉടമസ്ഥതയ്ക്കു പുറമേ കെട്ടിടത്തിന്റെ കാലപ്പഴക്കം, വിസ്തീർണം (പ്ലിന്ത് ഏരിയ), മേൽക്കൂരയുടെ തരം, ഏതു വിഭാഗത്തിലാണ് കെട്ടിടത്തിന് നികുതി ഇളവ്, നികുതി കുടിശിക ഇല്ലെന്നതിന്റെ രേഖ, നികുതി വിശദാംശങ്ങൾ എന്നിവയാണ് ബിൽഡിങ് സർട്ടിഫിക്കറ്റിൽ ഉണ്ടാവുക.
ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകൾ, വീട്ടുവിലാസരേഖ, നികുതി കുടിശിക ഇല്ലെന്നതിനു തെളിവ്, റേഷൻ കാർഡിന്റെയും മറ്റും അപേക്ഷ തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ ഒറ്റ സർട്ടിഫിക്കറ്റ് മതിയാകും. സർട്ടിഫിക്കറ്റുകളുടെ എണ്ണം കുറയ്ക്കുക എന്ന 2021ലെ സർക്കാർ ഉത്തരവിന്റെ ചുവടു പിടിച്ചാണ് ഇൻഫർമേഷൻ കേരള മിഷൻ ഇത്തരമൊരു സർട്ടിഫിക്കറ്റ് തയാറാക്കിയത്.
‘കെ സ്മാർട്ട്’ ആപ് വഴിയോ പോർട്ടൽ വഴിയോ റജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്‍വേഡും സൃഷ്ടിച്ച ശേഷം തങ്ങളുടെ കെട്ടിടങ്ങൾ ലിങ്ക് ചെയ്ത് കൃത്യമായി വസ്തുനികുതി (കെട്ടിടനികുതി) അടയ്ക്കുന്നവർക്ക് ഈ സർട്ടിഫിക്കറ്റ് സ്വന്തമായി ഡൗൺലോഡ് ചെയ്യാം. കെട്ടിട ഉടമസ്ഥരുടെ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്ത് നഗരസഭ അധികൃതർ അംഗീകരിക്കുന്നതോടെ ലിങ്കിങ് പൂർത്തിയാകും. നിലവിൽ ആധാർ കാർഡാണ് ലിങ്ക് ചെയ്യാനുള്ള രേഖ. ഭാവിയിൽ മറ്റു തിരിച്ചറിയൽ രേഖകളും ഉപയോഗിക്കാനാകും.
കെട്ടിടത്തിലെ താമസക്കാർക്കു റസിഡൻസി സർട്ടിഫിക്കറ്റ് ലഭിക്കാനും ‘കെ സ്മാർട്ട്’ ഉപയോഗിക്കാം. ഇതിനായി ഉടമസ്ഥർ കെ സ്മാർട്ട് വഴി താമസക്കാരുടെ വിവരങ്ങൾ ചേർക്കണം. അടുത്ത ബന്ധുക്കളാണെങ്കിൽ സത്യവാങ്മൂലവും വാടകക്കാരനാണെങ്കിൽ വാടകക്കരാറുമാണ് രേഖയായി അപ്‌ലോഡ് ചെയ്യേണ്ടത്. നിലവിൽ പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ‘സഞ്ചയ’ സോഫ്റ്റ്‌വെയറിൽ കെട്ടിടനികുതി അടയ്ക്കുന്ന ഉടമസ്ഥർക്ക് ഓണർഷിപ് സർട്ടിഫിക്കറ്റ് മാത്രമാണ് ഓൺലൈനായി ലഭിക്കുന്നത്.