കേന്ദ്ര സർക്കാർ സ്മാർട് പിഡിഎസ് പദ്ധതി; സ്കൂൾഭക്ഷണവിതരണവും നിരീക്ഷിക്കും
Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ സ്മാർട് പിഡിഎസ് പദ്ധതി കേരളത്തിൽ നടപ്പാകുമ്പോൾ റേഷൻ സംവിധാനത്തിനു പുറമേ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, അങ്കണവാടികളിലെ ഭക്ഷ്യവിതരണം, അഗതി മന്ദിരങ്ങളിലേക്കുള്ള അരി വിതരണം എന്നിവയിലേക്കും കേന്ദ്ര നിരീക്ഷണം വ്യാപിപ്പിക്കും.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), ഭക്ഷ്യ പൊതുവിതരണം, വനിതാ ശിശുവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണശൃംഖലയാകെ കേന്ദ്രീകൃതമായി പരിശോധിക്കുന്ന തരത്തിലാണ് സ്കീം ഫോർ മോഡണൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (സ്മാർട് പിഡിഎസ്) നടപ്പാക്കുക എന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള കേന്ദ്ര വിഹിതം അനുവദിക്കുന്നതും വിതരണവും സംബന്ധിച്ച കണക്കുകളെക്കുറിച്ച് നേരത്തേ സംസ്ഥാന – കേന്ദ്രമന്ത്രിമാർ പല തവണ വാദപ്രതിവാദങ്ങൾ നടത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. റേഷൻ കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നതിനു പുറമേ താഴെത്തട്ടിൽ വരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്ന സ്മാർട് പിഡിഎസ് നടപ്പാക്കാൻ കേരളവും തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസം ‘മനോരമ’യാണു റിപ്പോർട്ട് ചെയ്തത്.