ADVERTISEMENT

തിരുവല്ല∙ ഉള്ളിൽ എന്നും ഒരു കുട്ടനാടൻ കർഷകന്റെ മനസ്സ് സൂക്ഷിച്ച അപൂർവ വ്യക്തിത്വം.  മണ്ണിനെയും മരങ്ങളെയും ഏറെ കരുതിയ പ്രകൃതിസ്നേഹി. തിരുവല്ല കുറ്റപ്പുഴയിൽ നൂറേക്കറിലേറെയുള്ള  ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സിനഡ് ആസ്ഥാനം തന്നെയാണ്  ഇതിന് തെളിവ്. കലപ്പയും ട്രാക്ടറും എല്ലാം ഇവിടെ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന പുരാവസ്തുക്കളായി സംരക്ഷിച്ചിട്ടുണ്ട്. 

 അത്യപൂർവമായ ശിംശപാ വൃക്ഷം ഉൾപ്പെടെ ആയിരത്തിലേറെ  മരങ്ങളും ഫലവൃക്ഷങ്ങളും ഏക്കർ കണക്കിനു വിസ്തൃതമായ ജലസംഭരണിയും മാർ അത്തനേഷ്യസ് യോഹാന്റെ ഓർമ്മത്തടാകമായി ഇനി ഇവിടെ നിറഞ്ഞുതുളുമ്പി നിൽക്കും. ക്യാംപസിലെ മുഴുവൻ ആവശ്യത്തിനും ഈ വേനലിലും ഈ തടാകത്തിലെ വെള്ളം ഉപയോഗിക്കുന്നു എന്നത്  മാർ യോഹാന്റെ പ്രകൃതി വീക്ഷണത്തിനു കാലം ചാർത്തുന്ന ജലമുദ്ര. ഏതാനും ദിവസം മുൻപ് ഇവിടെ വന്നു താമസിച്ച് യുഎസിലേക്ക് പോകും മുൻപും ഈ ക്യാംപസും തടാകവും കണ്ട് ആസ്വദിക്കാൻ അദ്ദേഹം മറന്നിരുന്നില്ല. 

 ദേശാടനപക്ഷികൾ  ഉൾപ്പെടെ നൂറിലേറെ ഇനങ്ങളിലുള്ള പറവകളാണ് ബിലീവേഴ്സിന്റെ ഹരിത തോട്ടത്തിൽ സന്ദർശകരായെത്തുന്നത്.  പ്രവാചക തുല്യമായ ജീവിതം നയിച്ച  ബിഷപുമായി അവ അവരുടേതായ ഭാഷയിൽ സംവദിച്ചു. ജന്മനാടായ  നിരണവുമായി ബന്ധപ്പെട്ട കാർഷിക പാരമ്പര്യത്തെ ഉൾക്കൊണ്ട്   അറയും പുരയുമായി  നിർമിച്ച കേരളീയ വാസ്തുവിദ്യാ പാരമ്പര്യം നിറഞ്ഞു നിൽക്കുന്ന  നാലുകെട്ടായിരുന്നു മെത്രാപ്പൊലീത്തയുടെ വാസഗൃഹം. രാവിലെ ഈ വനസ്ഥലിയിലൂടെ നടന്ന്   പ്രകൃതിയുമായി സംവദിക്കുന്നതിൽ  പ്രത്യേക താൽപ്പര്യമെടുത്ത മാർ യോഹാൻ, രവീന്ദ്ര നാഥ  ടഗോറിനെയും ശാന്തിനികേതനെയുമാണ് പലപ്പോഴും മാതൃകയാക്കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തോളം പേർ താമസിക്കുന്ന  ഈ ക്യാംപസ് ഇന്ത്യയുടെ  കിളിക്കൂടാക്കി മാറി.    40 ഡിഗ്രി സെൽഷ്യസിൽ പുറംലോകം ചുട്ടുപൊള്ളുമ്പോൾ തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആസ്ഥാനത്ത് എത്തുന്നവർക്ക് കുളിർമ നിറഞ്ഞ വനപ്രദേശത്തേക്കു കടക്കുന്ന പ്രതീതിയാണ്. ഉഷ്ണമാപിനി ഉപയോഗിച്ച് അളന്നാൽ ഈ തണലിടത്തിലെ താപം 26 ഡിഗ്രി കടക്കില്ല.  ഹരിത ചട്ടം പാലിച്ചാണ് മെഡിക്കൽ കോളജ് സമുച്ചയം പടുത്തുയർത്തിയത്. ‍‍ഡൽഹിയിലായാലും കൊൽക്കത്തയിലായാലും ചെന്നൈയിലായാലും  ബിലീവേഴ്സ് സഭയുമായി ബന്ധപ്പെട്ട മിക്ക ക്യാംപസുകളും ഹരിതാഭ പുതച്ച ഇടങ്ങളാണ്.

എല്ലാ വേനൽക്കാലങ്ങളിലും ചെന്നൈയിലെ ഭദ്രാസന മൈതാനത്ത് വിളയുന്ന മധുരമൂറുന്ന മാമ്പഴം പ്രിയപ്പെട്ടവർക്ക് എത്തിച്ചു നൽകിയ അത്തനേഷ്യസ് യോഹാന്റെ സ്നേഹം ഇനി മധുരമുള്ള ഓർമ മാത്രം. ലോകത്ത് എവിടെ പോയാലും കൈയ്യിൽ കരുതുന്ന നാടൻ തേങ്ങ വറത്തു പൊടിച്ചുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയും ഒപ്പം ചൂടുകഞ്ഞിയുമാണ് തന്റെ ഇഷ്ടവിഭവമെന്ന് മാർ യോഹാൻ എപ്പോഴും പറയുമായിരുന്നു.  ലാളിത്യത്തിന്റെ ഗാന്ധിയൻ മാതൃക അദ്ദേഹം എന്നും ഉള്ളിൽ സൂക്ഷിച്ചു. 

 പ്രകൃതിയെ ഏറെ സ്നേഹിക്കയും  അതേപ്പറ്റി  പ്രസംഗിക്കയും മാത്രമല്ല, അതിനായി ചെടികൾ നടുകയും മരങ്ങൾ നട്ടുവളർത്തുകയും ചെയ്തിരുന്നു എന്നതാണ് ബിഷപിനെ വ്യത്യസ്ഥനാക്കുന്നത്. കുറ്റപ്പുഴ ക്യാംപസിലെ ഒരു മരത്തിന്റെ കൊമ്പു മുറിക്കണമെങ്കിൽ പോലും അദ്ദേഹത്തിന്റെ അനുവാദം വേണമായിരുന്നു. പരിസ്ഥിതിയോടു മാത്രമാണ് ഈ കാർക്കശ്യം. ഉള്ളിന്റെ ഉള്ളിൽ ഗ്രാമീണനായ പച്ച മനുഷ്യനായി എന്നും അദ്ദേഹം ജീവിച്ചു എന്ന് ഒപ്പമുള്ളവരുടെ സാക്ഷ്യം.

ഒരിക്കൽ ബംഗാളിലെ ഒരു ഗ്രാമത്തിലൂടെ ബിലീവേഴ്സ് സഭ നടത്തുന്ന ഒരു വിദ്യാലയം കാണാൻ പോയ അനുഭവം ഓർമിക്കുന്നു. ഓലയും ഷീറ്റും മേഞ്ഞ വിശാലമായ ക്ലാസ് മുറികൾ.  ഇന്ത്യൻ ഗ്രാമങ്ങളിലെ വിശപ്പ് അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി തുടക്കമിട്ട  ബ്രിഡ്ജ് ഓഫ് ഹോപിന്റെ ഭാഗമായ വിദ്യാലയത്തിൽ ഇരുനൂറോളം കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ഇവിടുത്തെ ചില കുട്ടികളുടെ വീടുകളിലും പോകാൻ അവസരം ലഭിച്ചു. മിക്കതും ഓലക്കുടിലുകൾ.

പക്ഷെ ചില വീടുകളുടെ അകത്തെ ഭിത്തിയിൽ ബിഷപ്പിന്റെ ചിത്രം തൂക്കിയിട്ടിരിക്കുന്ന കാഴ്ച അത്ഭുതമുളവാക്കി. ഇന്ത്യയ്ക്കു പുറമേ ചില അയൽ രാജ്യങ്ങളിലേക്കും വളർന്നു പന്തലിച്ച ബ്രിഡ്ജ് ഓഫ് ഹോപ്പിൽ നിന്ന് കുറഞ്ഞത് പത്ത് സിവിൽ സർവീസ് ജേതാക്കളെയെങ്കിലും കണ്ടെത്തി പരിശീലിപ്പിക്കണമെന്നത് മാർ യോഹാന്റെ മറ്റൊരു സ്വപ്നമായിരുന്നു. ഇനി ആ സ്വപ്നം നിറവേറ്റേണ്ടത് സഭയുടെ ദൗത്യമായി തുടരും.

വാർത്തകളിലും ആശയവിനിമയത്തിലും പ്രസിദ്ധീകരണങ്ങളിലും എന്നും ഏറെ വിശ്വാസമർപ്പിച്ച അദ്ദേഹം വാർത്തകൾക്കു നൽകിയ നിർവചനം ലോക പ്രശ്സതമായിരുന്നു. ഓരോ വാർത്തകളും ഓരോ രാജ്യത്തിന്റെയും പ്രാർഥനാ അഭ്യർഥനകളാണ് എന്ന് കരുതിയ മാർ യോഹാനെ മാധ്യമങ്ങൾ നിരന്തരം വിമർശിച്ചപ്പോഴും സംയമനത്തോടെ അവരോടൊപ്പം നീങ്ങുക എന്ന നയമാണ് സഭ സ്വീകരിച്ചത്. ആ പാരമ്പര്യം ബിലീവേഴ്സ് സഭ ഇന്നും പിന്തുടരുന്നു. 

ബംഗാൾ കടുവയുടെ  ലോകത്തിലെ ഏക ആവാസ വ്യവസ്ഥയായ ബംഗാൾ ഉൾക്കടൽ തീരത്തെ   സുന്ദർബൻ ദ്വീപ സമൂഹത്തിൽ  കടുവ പിടിച്ച് കൊന്ന ഗൃഹനാഥന്മാരുടെ  കുടുംബാംഗങ്ങളുടെ  പുനരധിവാസത്തിലൂടെയാണ്  ബിലീവേഴ്സ് സഭ സാന്നിധ്യമറിയിച്ചത്.  കാലാവസ്ഥാ മാറ്റം  ഏറ്റവുമധികം ബാധിക്കുന്ന ലോകത്തിലെ തന്നെ അത്യപൂർവ ജൈവവൈവിധ്യ  ദ്വീപായ  ഇവിടെ വിധവമാരുടെ ഗ്രാമത്തിലേക്ക് ബോട്ട് സർവീസും കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യവും മറ്റും ഒരുക്കി സഭ ഒരു മുഴം മുന്നിൽ പ്രേക്ഷിത വേലയെ പ്രകൃതിയുടെ വീണ്ടെടുപ്പിനുള്ള അവസരംകൂടിയാക്കി മാറ്റിയിരിക്കുന്ന കാഴ്ച കാണാം. 

കൃഷി നടക്കുന്ന അപൂർവ പള്ളിമുറ്റമാണ് തിരുവല്ല–കുമ്പഴ ടികെ റോഡിലെ തോട്ടഭാഗത്തുള്ള ബിലീവേഴ്സ്  നിരണം ഭദ്രാസന ഇടവക. ദൈവരാജ്യത്തിനായി ബിലീവേഴ്സ് സഭ ഒരുക്കുന്ന ഇത്തരം  ഹരിതമുഖശോഭകൾക്കെല്ലാം പിന്നിൽ സൂര്യരശ്മിയായി  പ്രവർത്തിച്ച പ്രകൃതി സ്നേഹിയെയാണ് ഇന്നലെ പ്രകൃതി അതിന്റെ  മടിത്തട്ടിലേക്ക് തിരികെ വിളിച്ചത്. 

പ്രഭാഷണങ്ങളിൽ മതത്തിനപ്പുറം ജീവിതങ്ങൾ

തിരുവല്ല ∙ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ പ്രഭാഷണങ്ങൾ മതത്തിനപ്പുറം ജീവിതങ്ങൾ എങ്ങനെയാകണമെന്നു പഠിപ്പിക്കുന്നവയായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ റേഡിയോയിലൂടെ ഭൂഖണ്ഡങ്ങൾ കടന്നു. നാഷനൽ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻആർബി) 2003ൽ അദ്ദേഹത്തിന് ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റിങ് പുരസ്കാരം നൽകി ആദരിച്ചു.  

മികച്ച പ്രസംഗകൻ എന്നതിലുപരി 250ലധികം പുസ്തകങ്ങളും അദ്ദേഹം രചിച്ചു. ഫ്രഞ്ച്, ജർമൻ, ഫിന്നിഷ്, ഡച്ച് ഉൾപ്പെടെയുള്ള ഭാഷകളിലേക്കു അവ മൊഴിമാറ്റം നടത്തി. ഏഷ്യയിലും ആഫ്രിക്കയിലും പ്രവർത്തനം വ്യാപിപ്പിച്ച സഭ കൂടുതൽ രാജ്യങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു തണലാകണമെന്ന് മെത്രാപ്പൊലീത്ത ആഗ്രഹിച്ചിരുന്നു. 

English Summary:

Mor Athanasius Yohan: rare personality who always kept the mind of a Kuttanad farmer inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com