അവസാനിക്കില്ല, ആത്മീയയാത്ര
Mail This Article
തിരുവല്ല∙ ആത്മീയയാത്ര, മഞ്ഞാടി പിഒ, തിരുവല്ല... നേർത്ത സ്വരത്തിൽ, കാമ്പുള്ള പ്രഭാഷണത്തിനൊടുവിൽ ഈ വിലാസം റോഡിയോയിൽ കേൾക്കാത്തവർ ചുരുക്കം. കെ.പി.യോഹന്നാൻ എന്ന സുവിശേഷകൻ 1986ൽ ആരംഭിച്ച ‘ആത്മീയയാത്ര’ പ്രഭാഷണം കേൾക്കാൻ സഭാവ്യത്യാസമില്ലാതെ വിശ്വാസികൾ റേഡിയോ തുറന്നുവച്ചു.
പ്രാർഥനതേടി ആത്മീയയാത്രയിലേക്ക് എത്തിക്കൊണ്ടിരുന്നത് ആയിരക്കണക്കിന് കത്തുകൾ. മറുപടിക്കത്തുകളിലൂടെ ആത്മീയബന്ധം ദൃഢമായി. ഒട്ടേറെപ്പേരുടെ ജീവിതത്തെ മാറ്റിമറിച്ച ‘ശബ്ദ വിപ്ലവം’ ആയിരുന്നു ആത്മീയയാത്ര. അദ്ദേഹത്തിന്റെ കൺവൻഷൻ പ്രസംഗങ്ങൾക്കായി കണ്ണും കാതും കൂർപ്പിച്ചിരുന്ന കാലം കേരളത്തിനകത്തും പുറത്തുമുണ്ടായിരുന്നു. പതിഞ്ഞ സ്വരത്തിൽ താളത്തിലുള്ള സംസാരവും ഇടയ്ക്കിടെയുള്ള നുറുങ്ങുകഥകളുമായിരുന്നു പ്രസംഗത്തിന്റെ ഹൈലൈറ്റ്.
പതിറ്റാണ്ടുകൾക്കിപ്പുറം ആത്മീയയാത്ര, ഇന്നത്തെ ബിലീവേഴ്സ് ഈസ്റ്റേൺ സഭയായി രൂപാന്തരം കൊണ്ടു. കെ.പി.യോഹന്നാൻ എന്ന സുവിശേഷകൻ ബിലീവേഴ്സ് സഭയുടെ മെത്രാപ്പൊലീത്തയായ ഡോ. മാർ അത്തനേഷ്യസ് യോഹാനുമായി. ഇപ്പോഴും 110 ഭാഷകളിൽ ഇന്റർനെറ്റ് റേഡിയോ വഴിയും ചാനലിലൂടെയും അദ്ദേഹത്തിന്റെ ആത്മീയയാത്ര പ്രഭാഷണം അലയടിക്കുന്നു.
തുടക്കം, അവരിലൊരാളായി
തിരുവല്ലയ്ക്കടുത്ത് നിരണം കടപ്പിലാരിൽ ചാക്കോ പുന്നൂസിന്റെയും ആച്ചിയമ്മയുടെയും 6 മക്കളിൽ ഇളയവനായ കെ.പി.യോഹന്നാനെ ചെറുപ്രായത്തിലേ വിശ്വാസപാതയിലേക്കെത്തിച്ചത് പ്രദേശികമായ ആത്മീയപ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളുമായിരുന്നു. മാർത്തോമ്മാ സഭാ വിശ്വാസിയായിരുന്ന യോഹന്നാൻ
1966 മുതൽ ഓപ്പറേഷൻ മൊബലൈസേഷൻ എന്ന സംഘടനയിൽ ചേർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സാമൂഹിക സേവനത്തിൽ വ്യാപൃതനായി. സഹജീവികളുടെ കഷ്ടപ്പാടുകൾ അടുത്തറിഞ്ഞ നാളുകളായിരുന്നെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും അവരിലൊരാളാകാൻ അദ്ദേഹത്തിനായി.
സുവിശേഷ വഴിയിലേക്ക് കൂടുതലടുത്തതോടെ ബൈബിൾ കൂടുതലായി പഠിക്കാൻ ആഗ്രഹിച്ചു. പഠനത്തിനൊപ്പം സാമൂഹിക സേവനവും തുടർന്ന് അദ്ദേഹത്തിന് 1974ൽ യുഎസിൽ സുവിശേഷം പഠിക്കാനുള്ള അവസരം ലഭിച്ചു. ലോകത്തെ അടുത്തുകാണുവാനുള്ള ജാലകം അദ്ദേഹത്തിനു മുൻപിൽ തുറന്നു. ഇതിനിടെ മുൻപ് പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷക ഗിസിലയുമായി വിവാഹവും നടന്നു.
കേരളത്തിലേക്ക് തിരച്ചെത്തിയ അദ്ദേഹം എൺപതുകളുടെ തുടക്കത്തിൽ തിരുവല്ല കേന്ദ്രീകരിച്ച് ഗോസ്പൽ മിനിസ്ട്രീസ് എന്ന സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. വിവിധ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ റേഡിയോ പ്രഭാഷണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നടക്കം ഒട്ടേറെപ്പേരെ ആകർഷിച്ചു. അനേകം പേർ സുവിശേഷവേലയ്ക്കായി മറ്റിടങ്ങളിൽനിന്ന് തിരുവല്ലയിലേക്കെത്തി. 1991 ൽ ഗോസ്പൽ മിനിസ്ട്രി ഗോസ്പൽ ഫോർ ഏഷ്യ എന്നു പേരുമാറ്റി സുവിശേഷ പ്രചാരണവും സേവനപ്രവർത്തനങ്ങളും വിപുലമാക്കി.
സഭാവഴിയിൽ, സാധാരണക്കാർക്കൊപ്പം
1990ൽ ബിലീവേഴ്സ് സഭയ്ക്കു രൂപം നൽകിയ അദ്ദേഹം 2003ൽ സഭയുടെ മെത്രാപ്പൊലീത്തയായി. അന്നത്തെ സിഎസ്ഐ മോഡറേറ്ററായിരുന്ന കാലം ചെയ്ത ഡോ. കെ.ജെ.സാമുവലാണ് കെ.പി.യോഹന്നാനെ ബിഷപ്പായി വാഴിക്കുന്നത്. ബിഷപ് കെ.പി.യോഹന്നാൻ എന്നായിരുന്നു ആദ്യ പേര്. ‘ഒരു സമൂഹമായി വികസിക്കുമ്പോൾ അതിനൊരു സ്വത്വം വേണം, അതുകൊണ്ടാണ് ഗോസ്പൽ ഫോർ ഏഷ്യ ബിലീവേഴ്സ് ചർച്ചിനു രൂപം നൽകിയത്’ – എന്തിനാണ് ഇനിയുമൊരു സഭകൂടി എന്ന ചോദ്യത്തിന് മാർ അത്തനേഷ്യസ് യോഹാന് കൃത്യമായ ഉത്തരമുണ്ടായിരുന്നു.
പ്രായോഗിക ക്രിസ്തീയ ജീവിതം എന്നതായിരുന്നു ബിലീവേഴ്സ് ചർച്ച് മുന്നോട്ടുവച്ച ദർശനം. സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടുകൊണ്ടുള്ള സുവിശേഷപ്രവർത്തനമായിരുന്നു സഭയുടെ കാതൽ. സുവിശേഷ പ്രവർത്തനത്തിനൊപ്പം സാമൂഹിക സേവനത്തികവുമായി സഭ വളർന്നു. ഇന്ത്യ കൂടാതെ മ്യാൻമർ, നേപ്പാൾ, ബംഗ്ലദേശ്, ശ്രീലങ്ക, ഭൂട്ടാൻ, റുവാൻഡ, യൂറോപ്, യുഎസ് എന്നിങ്ങനെ 20ൽ അധികം രാജ്യങ്ങളിൽ സഭയ്ക്കു വേരുകളും വിശ്വസികളുമുണ്ട്. പേര് ബിലീവേഴ്സ് ഇൗസ്റ്റേൺ ചർച്ച് എന്നാക്കിയെന്നതൊഴിച്ചാൽ, സഭയുടെ സാമൂഹിക നയങ്ങൾക്ക് മാറ്റമില്ല.
ആധുനിക ചികിത്സാ സംവിധാനങ്ങൾ എത്തിയിട്ടില്ലാത്ത ആയിരത്തിലധികം ഇന്ത്യൻ ഗ്രാമങ്ങൾക്കായി ബിലീവേഴ്സ് സഭ നടത്തുന്ന സേവനപ്രവർത്തനങ്ങളുടെ പിന്നിലെ ചാലകശക്തി എന്നും അദ്ദേഹമായിരുന്നു. ചികിത്സാ സൗകര്യങ്ങളെത്താത്ത വിദൂര ഗ്രാമങ്ങളിലുള്ളവർക്കായി ടെലി മെഡിസിൻ ക്ലിനിക്കുകൾ,
നിർധന കുട്ടികൾക്ക് പോഷകാഹാരം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ നൽകുന്ന ബ്രിഡ്ജ് ഓഫ് ഹോപ് പദ്ധതി, തെരുവിൽ അലയുന്ന കുരുന്നുകളെ പുനരധിവസിപ്പിക്കാനും മാതാപിതാക്കളെ കണ്ടെത്താനുമുള്ള ചിൽഡ്രൻസ് ഹോമുകൾ, പ്രകൃതിക്ഷോഭത്തിൽപ്പെട്ടവർക്ക് സഹായത്തിനു പുറമേ വീടു വച്ചുകൊടുക്കൽ, കടൽക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ബോട്ടുകൾ, സ്വയം തൊഴിൽ പരിശീലനം എന്നിവയൊക്കെ അദ്ദേഹത്തിന്റെ ചിന്തയിൽനിന്നുയർന്ന കാര്യങ്ങളായിരുന്നു.
സുവിശേഷവേലയ്ക്കൊപ്പം കൃഷി, എഴുത്ത്, വായന എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടമേഖലകൾ. മുന്നൂറോളം പുസ്തകങ്ങൾ എഴുതി. ഒരിക്കൽ അദ്ദേഹംപറഞ്ഞു, ‘റേഡിയോ നിലയത്തിലെ മൈക്കിനു മുൻപിൽ ഞാൻ പ്രസംഗിക്കുകയല്ല. സംസാരിക്കുകയാണ്, ഒരാളോടു മാത്രം. എന്നെ കേൾക്കുന്ന ഒരാളോട്.’ അദ്ദേഹത്തിന്റെ സ്വരവും സേവനങ്ങളും ഇനിയും സംസാരിക്കും, ഓരോരുത്തരോടായി. തുടരുകയാണ് ആ ആത്മീയയാത്ര.