ADVERTISEMENT

ആലപ്പുഴ ∙ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച കേസിൽ നാലര മാസത്തിനു ശേഷം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. കഴിഞ്ഞ മാർച്ചിൽ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഡിവൈഎസ്പി കെ.എസ്. അരുൺ തിരുവനന്തപുരത്തെത്തിയാണു മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ സംഘത്തിലെ സന്ദീപ് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയത്.

പല തവണ നോട്ടിസ് അയച്ചിട്ടും നേരിട്ടു പോയി നൽകിയിട്ടും ‘ജോലിത്തിരക്കി’ന്റെ ന്യായം പറഞ്ഞു പ്രതികൾ മൊഴി നൽകൽ നീട്ടിവയ്ക്കുകയായിരുന്നു. രണ്ടാഴ്ച മുൻപു മറ്റൊരു കേസിന്റെ ആവശ്യത്തിനായി തിരുവനന്തപുരത്തു പോയപ്പോഴാണു ഡിവൈഎസ്പി ഇവരുടെ മൊഴിയെടുത്തത്. കണ്ടാലറിയാവുന്ന 3 സുരക്ഷാ ഉദ്യോഗസ്ഥർ കൂടി കേസിൽ പ്രതികളാണ്.

കഴിഞ്ഞ ഡിസംബർ 15നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എന്നിവർക്കു ക്രൂരമായ മർദനമേറ്റത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിനെത്തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുമ്പോൾ, അകമ്പടി വാഹനത്തിൽ നിന്നു ചാടിയിറങ്ങി ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ നീളമുള്ള വടി കൊണ്ട് തലയ്ക്കടിച്ചതു വലിയ വിവാദമായിരുന്നു. തോമസിന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു, അജയ് ജ്യുവലിന്റെ കൈക്കും തോളെല്ലിനും ക്ഷതമേറ്റു. ഇവർ നൽകിയ പരാതി അവഗണിച്ച പൊലീസ്, കോടതി നിർദേശപ്രകാരമാണ് ഒരാഴ്ചയ്ക്കു ശേഷം കേസെടുത്തത്.

മൊഴിയെടുക്കാൻ ഹാജരാകണമെന്നു പൊലീസ് നേരിട്ടും അല്ലാതെയും പലതവണ നോട്ടിസ് നൽകിയെങ്കിലും പ്രതികൾ എത്തിയില്ല. തുടർന്ന് അജയും തോമസും മുഖ്യമന്ത്രിക്കു പരാതി നൽകി. അങ്ങനെയാണു അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. മൊഴിയെടുത്ത സാഹചര്യത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ഇവർ ജാമ്യമെടുക്കുകയോ വേണ്ടിവന്നേക്കാമെന്നു നിയമവിദഗ്ധർ പറയുന്നു. 7 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണെങ്കിലും അനിവാര്യ സാഹചര്യത്തിലെ അറസ്റ്റിനു സാധ്യതയുള്ളൂ. 

English Summary:

Chief Minister's gunman statement taken in Protesters brutally beaten case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com