നീട്ടിവിളിച്ചാൽ കേൾക്കുന്ന ദൂരത്തിലുണ്ട് പിണറായി: ബാലൻ
Mail This Article
തിരുവനന്തപുരം∙ പ്രപഞ്ചമുണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചെന്നും കഴിഞ്ഞ ഒരു വർഷമായി ഭരണ, സംഘടനാരംഗത്തു താങ്ങാവുന്നതിലധികം ഭാരമെടുത്ത മുഖ്യമന്ത്രിക്ക് ഒന്നു വിശ്രമിക്കാൻ അവകാശമില്ലേയെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലൻ.
മുഖ്യമന്ത്രി പോയതു ബഹിരാകാശത്തേക്കല്ല, വിളിപ്പാടകലേക്കാണ്. ഇന്ത്യയുടെ തെക്കേ മുനമ്പായ നിക്കോബാറിലെ കാംപൽബേ ദ്വീപിൽനിന്ന് 60 കിലോമീറ്റർ മാത്രമാണ് ഇന്തൊനീഷ്യയിലേക്കുള്ള അകലം. ‘പിണറായി വിജയാ’ എന്നു വിളിച്ചാൽ വിളികേൾക്കാൻ കഴിയുന്ന സ്ഥലമാണ്. അങ്ങനെയൊരു രാജ്യത്തു സ്വകാര്യ സന്ദർശനത്തിനു പോയതിനെ വിവാദമാക്കുന്നവർ മരിച്ചാൽ കണ്ണടയില്ലെന്നു ബാലൻ ശപിച്ചു.
‘‘എന്റെ നാട്ടിലുള്ള കർഷകത്തൊഴിലാളി കുഞ്ഞിക്കണാരൻ ഈയിടെയാണു ചൈനയിൽ പോയി വന്നത്. ഇപ്പോൾ എത്രയോ കുഞ്ഞിക്കണാരൻമാർ ചൈനയിൽ പോകുന്നു. വിദേശത്തു പോകുന്നതിന് അധികം കാശു വേണ്ട. 92000 രൂപ മാസവരുമാനമുള്ള മുഖ്യമന്ത്രിയോടു യാത്രയുടെ ചെലവ് എവിടുന്നാണെന്നു ചോദിക്കേണ്ടതുണ്ടോ? പാർട്ടിയെയും കേന്ദ്രസർക്കാരിനെയും അറിയിച്ചാണ് അദ്ദേഹം പോയത്. അതിനു പുറമേ കെ.സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ?’’– ബാലൻ ചോദിച്ചു.
60 അല്ല, 148.5 കിലോമീറ്റർ
ഇന്ത്യയുടെ ഭാഗമായ ആൻഡമാൻ നിക്കോബാർ ദ്വീപിൽനിന്ന് ഇന്തൊനീഷ്യയിലേക്ക് എ.കെ.ബാലൻ പറഞ്ഞതുപോലെ 60 കിലോമീറ്ററല്ല ദൂരം. നിക്കോബാറിലെ കാംപൽബേയിലെ ഇന്ദിരാ പോയിന്റാണ് ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള മുനമ്പ്. ഇവിടെനിന്ന് ഇന്തൊനീഷ്യയിലെ ഏറ്റവും അടുത്ത സ്ഥലമായ ബൻഡാ ആച്ചേയിലേക്ക് 80 നോട്ടിക്കൽ മൈൽ അഥവാ 148.5 കിലോമീറ്റർ ദൂരമുണ്ട്.