ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ മറന്ന്, സാമൂഹികക്ഷേമ പെൻഷൻ ഒരു ഗഡു മാത്രം നൽകാൻ ധനവകുപ്പ് നടപടി തുടങ്ങി. ഈ സാമ്പത്തിക വർഷം മുതൽ എല്ലാ മാസവും സാമൂഹികക്ഷേമ പെൻഷൻ നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ നൽകിയ വാഗ്ദാനം.

ഡിസംബർ മുതൽ 6 മാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശികയാണെങ്കിലും ഇതു നൽകാനുള്ള 4500 കോടിയിലേറെ രൂപ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. ക്ഷേമ പെൻഷൻ നൽകാൻ പണം കണ്ടെത്താൻ രൂപീകരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുത്തിരുന്നു. ഈ പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. ട്രഷറി ഇപ്പോൾ ഓവർ ഡ്രാഫ്റ്റിലായ സാഹചര്യത്തിൽ മറ്റ് എവിടെ നിന്നെങ്കിലും പണം കണ്ടെത്തേണ്ടി വരും.

കടമെടുപ്പു പരിധി: ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് കേരളം

ന്യൂഡൽഹി ∙ കടമെടുപ്പു പരിധി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലെ നിയമപ്രശ്നങ്ങൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന വിഷയം കോടതിയിൽ ഉന്നയിച്ച് കേരളം. വേനലവധിക്കു ശേഷം പരിഗണിക്കാനായി തീയതി നിശ്ചയിക്കണമെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹർജിയിലെ അടിയന്തര ആവശ്യം പരിഗണിച്ച കോടതി, കടമെടുപ്പു പരിധി വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തേ തള്ളിയിരുന്നു. കെടുകാര്യസ്ഥത മൂലം സൃഷ്ടിച്ച സാമ്പത്തിക ബുദ്ധിമുട്ടിന് ഇടക്കാല ആശ്വാസം നൽകാനാകില്ലെന്നായിരുന്നു നിലപാട്. 

അതേസമയം, കടമെടുപ്പു പരിധിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്കുമേൽ കേന്ദ്ര ധനമന്ത്രാലയം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ഇടക്കാല വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതു പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് കേരളം ഇന്നലെ ഉന്നയിച്ചത്.

English Summary:

Proposal to provide only one month welfare pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com