5 വയസ്സുകാരന് മരുന്നു മാറിനൽകിയ സംഭവം: അന്വേഷണം തുടങ്ങി
Mail This Article
വരന്തരപ്പിള്ളി (തൃശൂർ) ∙ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ 5 വയസ്സുകാരനു ഫാർമസിയിൽ നിന്നു മരുന്നു മാറി നൽകിയെന്ന പരാതിയിൽ തൃശൂർ മെഡിക്കൽ ഓഫിസ് അന്വേഷണമാരംഭിച്ചു. ഡപ്യൂട്ടി മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം കുടുംബാരോഗ്യ കേന്ദ്രത്തിലും കുട്ടിയുടെ വീട്ടിലും എത്തി വിവരം തേടി. വിശദമായ റിപ്പോർട്ട് ഡിഎംഒയ്ക്കു കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫാർമസിസ്റ്റിൽ നിന്നു വിവരങ്ങൾ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സി.പി.സീനയും ശേഖരിച്ചിട്ടുണ്ട്. ഇവരും ഡിഎംഒയ്ക്കു റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ 3ന് ആണ് സംഭവം. പാലപ്പിള്ളി കാരികുളം കുളത്തിലെവളപ്പിൽ കബീറാണ്, മുണ്ടിനീരു ബാധിച്ച തന്റെ കുട്ടിക്ക് അമിത രക്തസമ്മർദത്തിനുള്ള ഗുളിക നൽകിയെന്നു പരാതി നൽകിയിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പിലെ മരുന്നിനു പകരം ഫാർമസി ജീവനക്കാർ വേറെ നൽകിയെന്നാണു പരാതി. മരുന്നു മാറിയെന്നു സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 3 ദിവസത്തിനു ശേഷമാണു കുട്ടി സുഖംപ്രാപിച്ചത്. പിന്നീടാണു വീട്ടുകാർ ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയത്.