15,000 പേർ വിരമിക്കുന്നു, വേണ്ടത് 7,500 കോടി; കേരളത്തിന് കടമെടുക്കാൻ അനുമതി നൽകിയില്ല
Mail This Article
തിരുവനന്തപുരം ∙ കടുത്ത ധനപ്രതിസന്ധിക്കിടെ കടമെടുപ്പിന് അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിനു സംസ്ഥാന സർക്കാർ കത്തയച്ചു. സർക്കാർ ജീവനക്കാർ വിരമിക്കുന്ന ഈ മാസം ആനുകൂല്യങ്ങൾ നൽകാൻ 7,500 കോടിയോളം രൂപ ആവശ്യമുള്ള സാഹചര്യത്തിലാണിത്. അനുവദിച്ച 3,000 കോടി വായ്പ മുഴുവൻ സംസ്ഥാനം എടുത്തിരുന്നു. പതിനയ്യായിരത്തിലേറെ സർക്കാർ ജീവനക്കാരാണ് ഈ മാസം വിരമിക്കുന്നത്. ഇത്രയും പേർക്കുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ മാത്രം 7,500 കോടിയോളം വേണം.
ഏപ്രിൽ മുതൽ മാസം തോറും ക്ഷേമപെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും 6 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നൽകാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെൻഷനും കൊടുക്കാനും പണം കണ്ടെത്തണം. കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി. ഇൗ വർഷം 37,512 കോടി കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യത്തെ 9 മാസം എടുക്കാവുന്ന തുകയെത്ര എന്ന് ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല.