നായനാർ ഓർമയായിട്ട് രണ്ടു പതിറ്റാണ്ട്; ഓർമകളിൽ ചേർത്തുവച്ച ജപമാലയും ജാതകവും
Mail This Article
കല്യാശ്ശേരി ∙ നായനാർ ജീവിച്ച ശാരദാസിൽ സഖാവിന്റേതെന്നു പറയാൻ ബാക്കിയുള്ളത് ശാരദ ടീച്ചറും ഓർമകളും കുറെ ചിത്രങ്ങളുമാണ്. നായനാർ ഉപയോഗിച്ച മേശയും കസേരയും കണ്ണടയും വസ്ത്രവും ഡയറിയും പേനയും ഫാനും ഉൾപ്പെടെ മിക്കതും നായനാർ അക്കാദമി മ്യൂസിയത്തിനു കൈമാറി. നായനാരുടെ വിയോഗത്തിന് ഇന്ന് 20 വർഷം തികയുകയാണ്. ഓർമദിനത്തിനു മുന്നോടിയായി മക്കളും കൊച്ചുമക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വന്നതോടെ ശാരദാസിന്റെ മുറ്റം പഴയപോലെ സജീവമായി.
സഖാവിന്റെ ഓർമകൾ തിരയടിച്ച് എത്തിയപ്പോൾ ടീച്ചർ പതുക്കെ എഴുന്നേറ്റു കിടപ്പുമുറിയിലേക്കു നടന്നു. ചില്ലിട്ട അലമാരയുടെ മുകൾത്തട്ടിൽ നായനാരുടെ ചിത്രമുള്ള നോട്ടിസിൽചുറ്റി നിധി പോലെ സൂക്ഷിച്ച പൊതി കയ്യിലെടുത്തു. തുറന്നപ്പോൾ താളിയോലയിൽ എഴുതിയ ജാതകം. ‘ഇതു കണ്ടോ, സഖാവിന്റെ ജാതകമാണ്. മരിച്ചു കഴിഞ്ഞാൽ ജാതകം ഒഴുക്കിക്കളയുകയാണ് പതിവ്. കുമാർ (നായനാരുടെ മകൻ കൃഷ്ണകുമാർ) പറഞ്ഞു, ഒഴുക്കേണ്ട സൂക്ഷിച്ചു വയ്ക്കാമെന്ന്.’
1919 ഡിസംബർ 9ന് ആണ് നായനാരുടെ ജനനം. അതുപോലെ അമൂല്യനിധിയായി കുടുംബം സൂക്ഷിക്കുന്ന മറ്റൊന്ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ നൽകിയ ജപമാലയാണ്. മുഖ്യമന്ത്രിയായിരിക്കെ 1997 ലാണു വത്തിക്കാനിലെത്തി മാർപ്പാപ്പയെ കണ്ടത്. ഭഗവത്ഗീതയാണു നായനാർ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്. തിരികെ മാർപാപ്പ നൽകിയ ജപമാലയുമായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ ബേബി ജോണും പി.ജെ.ജോസഫുമെല്ലാം തരുമോ എന്നു ചോദിച്ചിരുന്നു. ‘അതു ഞാൻ ശാരദയ്ക്കു കൊടുത്തുപോയി’ എന്നു പറഞ്ഞാണു ചോദിച്ചവരെ മടക്കിയയച്ചത്.
നായനാർ മ്യൂസിയം ഇന്ന് തുറക്കും
കണ്ണൂർ ബർണശ്ശേരി നായനാർ അക്കാദമിയിലെ നായനാർ മ്യൂസിയം ഇന്നു മുതൽ പൊതുജനങ്ങൾക്കായി തുറക്കും. മ്യൂസിയത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയ സംവിധാനങ്ങളാണ് കാണാൻ കഴിയുക. 2018 ലാണ് നായനാർ അക്കാദമി ഉദ്ഘാടനം ചെയ്തത്. മ്യൂസിയത്തിന്റെ ഒന്നാം ഘട്ടം 2022 ൽ ഉദ്ഘാടനം ചെയ്തെങ്കിലും പൊതുജനങ്ങൾക്ക് തുറന്നു നൽകിയിരുന്നില്ല.