പൊതുഭരണവകുപ്പുകാർക്ക് എന്തു യോഗ്യത? ധനവകുപ്പ്; തങ്ങൾക്കെതിരായ പഠന റിപ്പോർട്ട് തള്ളി ധനവകുപ്പിലെ ഉന്നതർ
Mail This Article
തിരുവനന്തപുരം ∙ തങ്ങൾക്കെതിരെ പഠന റിപ്പോർട്ട് തയാറാക്കിയ പൊതുഭരണ വകുപ്പിലെ (ജിഎഡി) ഉദ്യോഗസ്ഥർക്ക് അതിനുള്ള യോഗ്യത പോലുമില്ലെന്നും പഠനത്തിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥർ ആശ്രിത നിയമനം വഴിയും സ്പോർട്സ് ക്വോട്ട വഴിയും സർവീസിൽ കയറിക്കൂടിവരാണെന്നും ധനവകുപ്പ് തിരിച്ചടിച്ചു.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അംഗീകരിച്ച പഠന റിപ്പോർട്ട് തള്ളിക്കളയണമെന്നും പകരം യോഗ്യരായവരെ വച്ചു പുതിയ പഠനം നടത്തണമെന്നും ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്നു തയാറാക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടു. റിപ്പോർട്ടിലെ 32 പിഴവുകൾ അക്കമിട്ടു നിരത്തിയാണു കുറിപ്പ്. പൊതുഭരണവകുപ്പ് നിക്ഷിപ്ത താൽപര്യം കുറുക്കുവഴിയിലൂടെ അടിച്ചേൽപിക്കുന്നുവെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം.
റിപ്പോർട്ടിൻമേലുള്ള ധനവകുപ്പിന്റെ അഭിപ്രായം ആരായുമ്പോൾ ഫയലിൽ ഇൗ അഭിപ്രായങ്ങൾ രേഖപ്പെടുത്താനാണു സാധ്യത. മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്നു തയാറാക്കിയ റിപ്പോർട്ടിനെതിരെ ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥസംഘം രംഗത്തെത്തിയതോടെ സെക്രട്ടേറിയറ്റിലെ 2 മുഖ്യവകുപ്പുകൾ തമ്മിലെ പോര് പുതിയ തലത്തിലെത്തി. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ മുഖ്യമന്ത്രി റിപ്പോർട്ടിൻമേൽ എന്തു തീരുമാനം എടുക്കുമെന്നതാണ് ഇനി നിർണായകം.
∙ പൊതുഭരണവകുപ്പ് റിപ്പോർട്ടിലെ പ്രധാന പരാമർശം ഇതായിരുന്നു: മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പടക്കം എല്ലാ വകുപ്പുകളും ഫയൽ നീക്കത്തിന്റെ തട്ടുകൾ വെട്ടിക്കുറച്ചിട്ടും ധനവകുപ്പു മാത്രം തയാറാകുന്നില്ല. സെക്രട്ടേറിയറ്റിൽ ഫയൽ കുന്നുകൂടാൻ മുഖ്യകാരണം ഇതാണ്. സെക്‌ഷൻ ഓഫിസർക്കും വകുപ്പു സെക്രട്ടറിക്കും ഇടയിലെ തട്ടുകൾ രണ്ടാക്കി കുറയ്ക്കാൻ അടിയന്തരമായി ധനവകുപ്പ് തയാറാകണം. ധനവകുപ്പിൽ ജോലി ഭാരം വർധിക്കുന്നതിനു മുഖ്യകാരണം അശാസ്ത്രീയമായ ഫയൽ വഴികളാണ്.